ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വൈകും: ആദ്യ സൂചനകൾ പത്തുമണിയോടെ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി

  • 01/05/2021

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. അതിനിടെ അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി. വോട്ടെണ്ണലിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് പൊതുഭരണ വകുപ്പ് പ്രവേശിച്ചിരിക്കുന്നത്.

അതേ സമയം തപാൽ വോട്ടുകളുടെ ആധിക്യം കാരണം തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ വൈകുമെന്നും ആദ്യ ഫല സൂചനകൾ പത്തുമണിയോടെയെ ലഭിക്കൂവെന്നും ഇലക്ഷൻ കമ്മിഷൻ ഓഫിസർ ടിക്കാറാം മീണ വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. ട്രെന്റ് സോഫ്റ്റ് വെയർ ഇത്തവണയുണ്ടാകില്ല. 

584238 തപാൽ വോട്ടുള്ളതിൽ നാലര ലക്ഷത്തിലേറെ വോട്ടുകൾ തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിട്ടുണ്ട്. തപാൽ വോട്ടുകൾ പൂർണമായി എണ്ണിക്കഴിഞ്ഞ ശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ അവസാന രണ്ടു റൗണ്ട് വോട്ടെണ്ണുക. അതിനു ശേഷം ഓരോ മണ്ഡലത്തിലെയും അഞ്ചു വി.വി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകൾ പരിശോധിക്കും. ഇ.വി.എമ്മിലേയും വി.വി പാറ്റിലേയും വോട്ടുകൾ തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വി.വി പാറ്റിലെ വോട്ടാകും കണക്കാക്കുക.

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറും. കൊറോണ രോഗവ്യാപനം തുടർന്നാൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ മൂന്നു ഘട്ടമായി നടത്തിയേക്കാം. ഇടതു മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാൽ പിണറായി വിജയൻ വീണ്ടും അധികാരമേൽക്കുന്നത് ഈ മാസം ഒമ്പതിന് ശേഷമേയുള്ളുവെന്ന് സി.പി.എം വൃത്തങ്ങൾ സൂചിപ്പിച്ചു.

നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. വൈകാതെ ആദ്യ ഫല സൂചനകൾ ലഭ്യമാവും. തപാൽ വോട്ടിലെ വർധനവ് ഫലം വൈകിക്കുമോയെന്ന ആശങ്കയുണ്ട്. രാവിലെ 6 ന് ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾ തുറക്കും. നിരീക്ഷകരുടേയും ഏജന്റുമാരുടേയും സാന്നിധ്യത്തിലാകും ഇത്. 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ മാറ്റും.

Related News