250 പേരെ ഫോണില്‍ വിളിച്ച് എടുത്ത സര്‍വേയ്ക്ക് എന്ത് വിശ്വാസ്യത? എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ്

  • 01/05/2021



തിരുവനന്തപുരം: എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പേ തന്നെ ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും യു.ഡി.എഫ് വിരുദ്ധത പ്രചരിപ്പിച്ചിരുന്നു. രണ്ട് ലക്ഷത്തോളം വോട്ടര്‍മാര്‍ വരുന്ന മണ്ഡലത്തില്‍ 250 പേരെ ഫോണില്‍ വിളിച്ച് എടുത്ത സര്‍വേയ്ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്. ഇത്തരം സര്‍വേകള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ല. മുന്‍പും പല പ്രവചനങ്ങളും വന്നിരുന്നു. ഫലം വന്നപ്പോള്‍ എന്തായി എന്നും ചെന്നിത്തല ചോദിച്ചു.

വോട്ടെണ്ണി കഴിയുനേ്പാള്‍ യു.ഡി.എഫ് വിജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസമുണ്ട്. എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ഒരു പരിഭ്രാന്തിക്കും ആശങ്കയ്ക്കും അടിസ്ഥാനമില്ല. അത് കാലാകാലങ്ങളായി കണ്ടിട്ടുള്ളതാണ്. യു.ഡി.എഫ് പ്രവര്‍ത്തനങ്ങളെ തുടക്കം മുതല്‍ ഇല്ലാതാക്കാനുള്ള നടപടിയാണ് കണ്ടുവന്നത്. യു.ഡി.എഫ് വിജയിക്കുമെന്നും അധികാരത്തില്‍ വരുമെന്നും ത്മവിശ്വാസമുണ്ട്.

യു.ഡി.എഫ് പ്രതിനിധികള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹാജരാകണം. അവിടെ തിരിമറിക്ക് സാധ്യതയുണ്ട്. സ്ഥാനാര്‍ത്ഥികള്‍ നിര്‍ബന്ധമായും കൗണ്ടിങ് സ്‌റ്റേഷനിലുണ്ടായിരിക്കണം. ജാഗ്രത പാലിക്കണം. കൗണ്ടിങ് കഴിയുമ്പോള്‍ ജനങ്ങളുടെ പിന്തുണ യു.ഡി.എഫിനുണ്ടാകുമെന്നാണ് ആത്മവിശ്വാസം.

പലരും പല അഭിപ്രായങ്ങളും പറയുന്നുണ്ടെങ്കിലും സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം യു.ഡി.എഫിന് ലഭിക്കും. കേരളത്തിലെ ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുന്നു. എല്ലാ മണ്ഡലങ്ങളിലും ബൂത്ത് അടിസ്ഥാനത്തില്‍ യു.ഡി.എഫ് നടത്തിയ വിലയിരുത്തലില്‍ ഇപ്രകാരമൊരു റിപ്പോര്‍ട്ട് ഒരിടത്തും കിട്ടിയിട്ടില്ല. ഒരു ചാനല്‍ ഒരു മണ്ഡലത്തില്‍ ജയിക്കുമെന്ന് പറയുന്ന സ്ഥാനാര്‍ത്ഥി മറ്റൊരു ചാനല്‍ സര്‍വേയില്‍ തോല്‍ക്കുമെന്ന പറയുന്നു. മറ്റൊരു ചാനല്‍ മറ്റൊന്നു പറയുന്നു. തട്ടിക്കൂട്ടു സര്‍വേകളില്‍ യു.ഡി.എഫിന് യാതൊരുവിധ വിശ്വാസവുമില്ല. ജനങ്ങളും വിശ്വാസത്തിലെടുക്കുന്നില്ല.

മാധ്യമങ്ങള്‍ക്കെതിരെ നിലപാട് ഞാന്‍ സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ യു.ഡി.എഫ് വിരുദ്ധത മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയെന്നാണ് താന്‍ പറഞ്ഞത്. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു.

Related News