വോട്ടെണ്ണല്‍ ദിനത്തില്‍ കൂടിച്ചേരലുകള്‍ വേണ്ട, ആഹ്ലാദപ്രകടനം ഒഴിവാക്കണം: മുഖ്യമന്ത്രി

  • 01/05/2021



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള കര്‍ശന നിയന്ത്രണം ഞായറാഴ്ചയും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായി പുറത്തിറങ്ങാനോ കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധമായ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെയെടുത്ത തീരുമാനമാണ്. ജയിക്കുന്നവര്‍ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതുമാണെന്നും മുഖ്യമന്ത്രി അറിയിച്ചു സംസ്ഥാനത്താകെയും വോട്ടെണ്ണല്‍ കേന്ദ്രത്തിലും സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് നടപടി സ്വീകരിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടരുത്. നിശ്ചിത ആളുകളല്ലാതെ മറ്റാരെയും അവിടെ അനുവദിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ചുമതലപ്പെട്ടവരല്ലാതെ ആരും പോകരുത്. 

ഫലപ്രഖ്യാപനം വരുമ്പോള്‍ പ്രവര്‍ത്തകര്‍ക്കെല്ലാം അതേവരെ അടക്കിവെച്ച ആവേശം വലിയ തോതില്‍ പ്രകടിപ്പിക്കാന്‍ തോന്നും. എന്നാല്‍ ഇന്നത്തെ നാടിന്റെ സാഹചര്യം കാണണം. എല്ലാവരും ആഹ്ലാദ പ്രകടനത്തില്‍ നിന്ന് മാറിനില്‍ക്കണം. നന്ദി പ്രകടിപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ പോകുന്ന പതിവ് ഇത്തവണ തുടരരുത്.

കോവിഡ് വ്യാപനത്തിന് ശമനം വന്നാല്‍ അത്തരം കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാം. ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വോട്ടര്‍മാരെ അഭിസംബോധന ചെയ്യാം. ആഹ്ലാദ പ്രകടനം നടത്താന്‍ ജയിച്ചവര്‍ക്ക് ആഗ്രഹം കാണും. നാടിന്റെ അവസ്ഥ പരിഗണിച്ച് എല്ലാവരും അതില്‍ നിന്ന് മാറിനില്‍ക്കണം. കോവിഡ് പ്രതിരോധത്തില്‍ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ഇന്നത്തെ ഘട്ടത്തിലെ നന്ദിപ്രകടനം.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ മാധ്യമങ്ങള്‍ക്കും കരുതല്‍ വേണം. കൂട്ടം ചേര്‍ന്നുള്ള പ്രതികരണം തേടലുകള്‍ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News