നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം, പാലക്കാട് മെട്രോമാന്‍ മുന്നില്‍

  • 02/05/2021



പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകളുടെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. പാലക്കാട് ബി.ജെ.പി സാരഥി ഇ.ശ്രീധരന്‍ മുന്നിലാണ്. യു.ഡി.എഫിലെ ഷാഫി പറമ്പിലാണ് തൊട്ടുപിന്നില്‍. അതേ സമയം മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ മുസ്ലിം ലീഗിലെ എന്‍. ശംസുദ്ദീന്‍ മുന്നിലാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ എല്‍.ഡി.എഫിലെ ഡിബോണ നാസറും തിരൂരങ്ങാടിയില്‍ നിയാസ് പുളിക്കലകത്തും മുന്നിലാണ്. രണ്ടു സീറ്റിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളാണ് പിന്നില്‍. തിരൂരങ്ങാടിയില്‍ കെ.പി.എ മജീദും മഞ്ചേരിയില്‍ യു.എ ലത്തീഫുമാണ് പിന്നില്‍.

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം. അഷ്‌റഫ് മുന്നിലാണ്. അതേസമയം, തവനൂരില്‍ മന്ത്രി കെ.ടി. ജലീലും പൂഞ്ഞാറില്‍ പി.സി. ജോര്‍ജും പിന്നിലാണ്.

ആദ്യം തപാല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. തപാല്‍ വോട്ട് കൂടുതലുള്ളതിനാല്‍ അന്തിമ ഫലം വൈകിയേക്കും. നാലരലക്ഷത്തിലേറെ തപാല്‍ ബാലറ്റാണ് ഇക്കുറിയുള്ളത്.

140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഏപ്രില്‍ ആറിന് നടന്ന വോട്ടെടുപ്പില്‍ 74.06 ആണ് പോളിങ് ശതമാനം. 2.74 കോടി വോട്ടര്‍മാരില്‍ 2.03 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

കമീഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും. 'വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ്പി'ലൂടെയും ഫലമറിയാം. കോവിഡ് സാഹചര്യത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ വിലക്കിയിട്ടുണ്ട്. പൊലീസ് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് സംസ്ഥാനത്തുള്ളത്.

Related News