ജോസ് കെ മാണി തകരുന്നു; പാലായില്‍ മാണി സി കാപ്പന് ആധിപത്യം

  • 02/05/2021





പാലാ: പാലായില്‍ യു ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് ആധിപത്യം. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി ആയിരുന്നു മുന്നില്‍. എന്നാല്‍, പിന്നീട് മാണി സി കാപ്പന്‍ മുന്നിലേക്ക് കയറിയ ശേഷം പിന്നീടൊരിക്കലും പുറകിലേക്ക് പോയിട്ടില്ല. കാപ്പന്‍ പാലാ നിലനിര്‍ത്തുമെന്നാണ് ഇത് നല്‍കുന്ന സൂചന. 1000 ത്തിലേക്ക് കടക്കുകയാണ് കാപ്പന്റെ ലീഡ്. പാലായുടെ മനസ് കാപ്പന്റെ കൈയ്യില്‍ ഭദ്രമാണ് എന്നാണു സൂചന. വിജയ പ്രതീക്ഷ ഉണ്ടാകുമെന്ന് പറഞ്ഞ ജോസ് കെ മാണി ഇന്ന് രാവിലെ 1000 ലഡു വാങ്ങിവെച്ചത് വാര്‍ത്തയായിരുന്നു. ഈ ലഡു വെറുതെ ആകുമോയെന്ന സംശയത്തിലാണ് മുന്നണി.

അതേസമയം, സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 91 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എല്‍ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതല്‍ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്. ഇടതിന് എല്ലാ പിന്തുണയും നല്‍കി നടന്‍ ബിനീഷ് ബാസ്റ്റിന്‍. സി പി ഐഎമ്മിന്റെ കൊടിയും പിടിച്ച് തെരഞ്ഞെടുപ്പ് ഫലം കാണുന്ന ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ചില ഇടങ്ങളില്‍ എല്‍ ഡി എഫിന് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. തവനൂരി മുന്‍ മന്ത്രി കെ ടി ജലീല്‍ പിന്നില്‍. യു ഡി എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍ 1352 വോട്ടിനു ഇവിടെ മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഫിറോസ് തന്നെയാണിവിടെ മുന്നില്‍. ഒരു സമയത്ത് പോലും ജലീലിന് ഇവിടെ ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. കൊല്ലം ജില്ലയിലെ കുണ്ടറയിലും സമാന അവസ്ഥയാണുള്ളത്. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 88 വോട്ടിന്റെ ലീഡ് ആണ് ഇവിടെ വിഷ്ണുനാഥിനുള്ളത്.

ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.

Related News