കേരളം ചുവന്ന് തന്നെ; തുടര്‍ഭരണം ഉറപ്പായി

  • 02/05/2021


കേരളം വീണ്ടും ഭരിക്കാന്‍ ഇടതുമുന്നണി ഒരുങ്ങുകയാണ്. നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തുടര്‍ഭരണം സാധ്യമാകുന്നത്. 140 ല്‍ 99 സീറ്റുകള്‍ നേടി എല്‍ഡിഎഫ് രാഷ്ട്രീയ ചരിത്രം തിരുത്തുകയായിരുന്നു. 41 സീറ്റുകളില്‍ യുഡിഎഫ് മുന്നിലെത്തി.

കണ്ണൂരില്‍ പതിനൊന്നില്‍ പത്ത്, തിരുവനന്തപുരത്ത് 14ല്‍ 12, കൊല്ലത്ത് പതിനൊന്നില്‍ 10, ആലപ്പുഴയില്‍ ഒമ്പതില്‍ ഏഴ്, പാലക്കാട് പന്ത്രണ്ടില്‍ 9, തൃശൂരില്‍ 13ല്‍ 12. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ എറണാകുളം, വയനാട്,മലപ്പുറം ജില്ലകളില്‍ മാത്രമാണ് യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായിട്ടുള്ളത്. 

ലീഡ് നില അറുപതിനായിരം കടന്ന് കെ.കെ. ശൈലജ
shailaja.jpg


മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ലീഡ് അറുപതിനായിരം കടന്നു. 61,000 വോട്ടിന്റെ ലീഡാണ് അവര്‍ നേടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കെ.കെ. ശൈലജ നീങ്ങുന്നത്. 

2016ല്‍ കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിന്നുമാണ് കെ.കെ. ശൈലജ വിജയിച്ചത്. പിന്നീട്, മണ്ഡലം മാറി മട്ടന്നൂരില്‍ പരീക്ഷണത്തിന് ഇറങ്ങുകയായിരുന്നു. നിപ്പ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ആരോഗ്യമന്ത്രി എന്ന നിലയില്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

നേമവും തൃശൂരും പാലക്കാടും കൈവിട്ട് ബിജെപി
bjp.jpg

ബി ജെ പി ഏറെ പ്രതീക്ഷ വച്ചിരുന്ന മൂന്നു മണ്ഡലങ്ങളായിരുന്നു പാലക്കാട്, നേമം, തൃശൂര്‍ എന്നിവ. ഇതില്‍ തൃശൂര്‍ കൈവിട്ടു. സുരേഷ് ഗോപിയുടെ രണ്ടാം വരവും വെറുതെയായി. ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി. ബാലചന്ദ്രനാണ് വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്മജ വേണുഗോപാലും ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. പാലക്കാടും നേമവുമായിരുന്നു പിന്നെയുണ്ടായ പ്രതീക്ഷ. എന്നാല്‍, ഫലം അവസാനിക്കാറാകുമ്‌ബോള്‍ നേമവും കൈയ്യില്‍ നിന്ന് പോകുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. നേമത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ശിവന്‍കുട്ടിയാണ് ജയിച്ചത്.

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ തുടക്കം മുതല്‍ മുന്നില്‍ നിന്നിരുന്ന ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരനെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ തോല്‍പ്പിക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ 7000 വോട് വരെ ലീഡുനില ഉയര്‍ത്തിയാണ് ശ്രീധരന്‍ ശക്തമായ മത്സരം കാഴ്ചവച്ചത്. ഷാഫി പറമ്ബിലിന് മുന്നില്‍ ശക്തമായ പോരാട്ടമായിരുന്നു മെട്രോമാന്‍ കാഴ്ച വെച്ചിരുന്നത്. 

മഞ്ചേശ്വരത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തോറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ വിജയിച്ചത്. മഞ്ചേശ്വരത്തും കോന്നിയിലും കെ സുരേന്ദ്രന്‍ തോറ്റത് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.

വടകര കെ.കെ രമ ഭരിക്കും
rama.jpg
വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മനയത്ത് ചന്ദ്രനെ മുട്ടുകുത്തിച്ചാണ് ആര്‍എംപി സ്ഥാനാര്‍ത്ഥി കെ.കെ രമ നിയമസഭയിലേയ്ക്ക് എത്തുന്നത്. ആര്‍എംപിയുടെ ആദ്യ എംഎല്‍എ എന്ന വിശേഷണവും കെ.കെ രമ സ്വന്തമാക്കി.

കഴിഞ്ഞ തവണ എല്‍ഡിഎഫിന്റെ സി.കെ നാണു 9511 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് വടകര. ഇത്തവണ 7014 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ എല്‍ഡിഎഫിന്റെ മണ്ഡലം പിടിച്ചെടുത്തത്. ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള വോട്ടിംഗാണ് നടന്നതെന്നും വിജയം ടി.പി ചന്ദ്രശേഖരന് സമര്‍പ്പിക്കുന്നുവെന്നും രമ പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുളള നിയന്ത്രണത്തിലായിരുന്നു വടകരയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സിപിഎം നടത്തിയിരുന്നത്. ഇതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോടുളള ശക്തമായ എതിര്‍പ്പാണ് ജനങ്ങള്‍ വടകരയില്‍ രേഖപ്പെടുത്തിയതെന്ന് വേണം കരുതാന്‍. മെയ് 4ന് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് 9 വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് രമയുടെ വിജയം എന്നതും ശ്രദ്ധേയമാണ്.


Related News