കൊറോണ സ്ഥിതിഗതികൾ അതീവ ഗുരുതരമാകും: കേരളത്തിൽ ഉടൻ ലോക്ഡൗൺ വേണമെന്ന് ആരോഗ്യ വിദഗ്ധർ

  • 03/05/2021

തിരുവനന്തപുരം: കൊറോണ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുമെന്നതിനാൽ സംസ്ഥാനത്ത് ഉടൻ ലോക്ഡൗൺ വേണമെന്ന് ആരോഗ്യ വിദഗ്ധർ. വൈകുന്തോറും സ്ഥിതിഗതികൾ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ഓക്സിജൻ കിടക്കകൾപോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് വാക്സീൻ ഭൂരിഭാഗം പേർക്കും ഉറപ്പാക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു.

തുടർച്ചയായ ആറാം ദിനവും രോഗികളുടെ എണ്ണം 30000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലാണ്. 28. 37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 339441 ആയി. എറണാകുളത്ത് മാത്രം 54053 പേർ രോഗികളായുണ്ട്. കോഴിക്കോട് 48019 രോഗികൾ. മലപ്പുറം, തൃശൂർ ജില്ലകളിൽ3 5000ൽ അധികം രോഗികൾ.

ആശുപത്രികളിൽ മാത്രം 26169 പേർ ചികിൽസയിലുണ്ട്. ഐസിയുകളിൽ 1907 രോഗികൾ, വെൻറിലേറ്ററുകളിൽ 672 പേർ. ഓക്സിജൻ പിന്തുണ വേണ്ട രോഗികളുടെ എണ്ണം ഈ കണക്കിലുമൊക്കെ ഇരട്ടിയിലേറെയാണ്. ഓക്സിജൻ കിടക്കകൾ വേണമെങ്കിൽ മണിക്കൂറുകളോ ഒരു ദിവസമോ ഒക്കെ കാത്തിരിക്കേണ്ട അവസ്ഥ.

സ്ഥിതി അതീ ഗുരുതരമാവുകയാണെന്ന് ആരോഗ്യ വിദഗ്ധർ തന്നെ വിദഗ്ധ സമിതിയേയും സർക്കാർ വൃത്തങ്ങളേയും നേരിട്ടറിയിച്ചിട്ടണ്ട്. നാലാം തിയതി മുതൽ 9-ാം തിയതി വരെയുള്ള കർശന നിയന്ത്രങ്ങൾ മാത്രമല്ല ഒരു സമ്പൂർണ അടച്ചിടൽ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് ആവശ്യം.

ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പുമുണ്ട്. രണ്ടാം ഡോസ് വാക്സിന് മുൻഗണന നൽകുന്നതിന് പകരം ആദ്യ ഡോസ് കൂടുതൽ പേരിൽ എത്തിക്കാനുളള നടപടികൾ വേണമെന്നാണ് മറ്റൊരു ആവശ്യം.

ഒരു ഡോസിൽ തന്നെ പ്രതിരോധം ഉറപ്പാക്കാനാകുമെന്നതിനാൽ രോഗ വ്യാപന തീവ്രത കുറയ്ക്കാൻ ഒരു ഡോസ് വാക്സീനെങ്കിലും പരമാവധിപേർ എത്രയും വേഗം എടുക്കണമെന്നാണ് നിർദേശം. ഉൽപാദകരിൽ നിന്ന് വാക്സീൻ എത്തിക്കാനാകാത്ത സാഹചര്യത്തിൽ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ എന്ന് തുടങ്ങുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

Related News