എം. എല്‍.എമാരുടെ പ്രതിമാസ ശമ്പളം 70,000 രൂപ; ഇതുകൂടാതെ മറ്റ് അലവന്‍സും

  • 03/05/2021



തിരുവനന്തപുരം: എം. എല്‍.എമാരുടെ പ്രതിമാസ ശമ്പളം 70,000 രൂപയാണ്. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങള്‍ വേറെയുമുണ്ട്. നിയമസഭാംഗങ്ങളുടെ ശമ്പളത്തിന്റെ വേര്‍തിരിച്ചുള്ള കണക്ക് ഇങ്ങനെ. നിയോജക മണ്ഡലം അലവന്‍സ്-25000 രൂപ, പ്രതിമാസ സ്ഥിരം ബത്ത 2000 രൂപ, ടെലഫോണ്‍ അലവന്‍സ്11000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, സംച്വറി അലവന്‍സ് (സന്ദര്‍ശകരെ സല്‍ക്കരിക്കുന്നതിനുള്ള തുക)8000 രൂപ, ഏറ്റവും കുറഞ്ഞ പ്രതിമാസ യാത്രാപ്പടി  20000 രൂപ.

ഇവ കൂടാതെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ ഇങ്ങനെ. റോഡുമാര്‍ഗം സഞ്ചരിക്കുമ്പോള്‍ കിലോമീറ്ററിന് 10 രൂപ റോഡ് മൈലേജ് തുക. കേരളത്തിന് പുറത്ത് ട്രെയിനില്‍ സഞ്ചരിച്ചാല്‍ ഫസ്റ്റ്എ. സി സെക്കന്റ് ക്ലാസ് സൗകര്യം. പുറമേ കിലോമീറ്ററിന് 25 പൈസ വീതം ഇന്‍സിഡെന്റെല്‍ ചെലവ്, പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപയുടെ റെയില്‍ഇന്ധന കൂപ്പണുകള്‍. ട്രെയിന്‍ യാത്രയില്‍ ഭാര്യയെയോ ഭര്‍ത്താവിനേയോ ഒപ്പം കൊണ്ടു പോകാം.

സൗജന്യ ചികിത്സ, ആജീവനാന്ത കെ. എസ്. ആര്‍. ടി. സി സൗജന്യ യാത്ര, 20 ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ്, 10 ലക്ഷം രൂപയുടെ പലിശ രഹിത വാഹന വായ്പ, കുറഞ്ഞ പലിശ നിരക്കില്‍ 20 ലക്ഷം രൂപവരെ ഭവന നിര്‍മ്മാണ വായ്പാ അഡ്വാന്‍സ്, പുസ്തകം വാങ്ങാന്‍ പ്രതിവര്‍ഷം 15000 രൂപ.

അഞ്ചു വര്‍ഷം എം. എല്‍. എ പദവി തികച്ചാല്‍ പ്രതിമാസം 20000 രൂപ പെന്‍ഷന്‍ ലഭിക്കും. നാല് വര്‍ഷം എം. എല്‍. എ ആയിരുന്നാല്‍ 16000 രൂപയാണ് പെന്‍ഷന്‍. മൂന്ന് വര്‍ഷമാണെങ്കില്‍ 12000 രൂപയും രണ്ടു വര്‍ഷമോ രണ്ടു വര്‍ഷത്തില്‍ താഴെയോ എം. എല്‍. എ പദവി വഹിച്ചവര്‍ക്ക് പ്രതിമാസം 8000 രൂപയാണ് പെന്‍ഷന്‍.

അഞ്ചു വര്‍ഷത്തിന് മുകളില്‍ എം. എല്‍. എ ആയിരിക്കുന്ന ഓരോ വര്‍ഷത്തിനും 1000 രൂപ വീതം അധിക പെന്‍ഷന്‍ ലഭിക്കും. ഇത് 50000 രൂപ വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍ എം. എല്‍. എമാര്‍ക്ക് പ്രതിവര്‍ഷം 75000 രൂപയുടെ റെയില്‍ ഇന്ധന കൂപ്പണ്‍ ലഭിക്കും. 70 വയസ് കഴിഞ്ഞവര്‍ക്ക് 3000 രൂപയും 80 കഴിഞ്ഞവര്‍ക്ക് 3500 രൂപയും പ്രതിമാസ അധിക പെന്‍ഷന്‍ തുക ലഭിക്കും.

Related News