സുകുമാരന്‍ നായരുടെ മകള്‍ എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെച്ചു

  • 03/05/2021



കോട്ടയം : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകള്‍ എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെച്ചു. ഡോ. സുജാത രാജിവെച്ച വിവരം സുകുമാരന്‍ നായര്‍ തന്നെയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് രാജി.

രാവിലെയായിരുന്നു സുകുമാരന്‍ നായര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി വെള്ളാപ്പള്ളി രംഗത്ത് എത്തിയത്. സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം നല്‍കി. എന്നിട്ടും എന്‍എസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, മകള്‍ രാജിവെച്ചതായും അറിയിച്ച് സുകുമാരന്‍ നായര്‍ പ്രസ്താവന ഇറക്കിയത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി എംജി സര്‍വ്വകലാശാലയിലെ സിന്‍ഡിക്കേറ്റ് അംഗമാണ് മകള്‍. ആദ്യം യുഡിഎഫ് സര്‍ക്കാരും, പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരുമാണ് സ്ഥാനത്തേക്ക് സുജാതയെ നോമിനേറ്റ് ചെയ്തത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ എജ്യുക്കേഷനിസ്റ്റ് എന്ന വിഭാഗത്തിലേക്കാണ് ഇടതു വലതു സര്‍ക്കാരുകള്‍ സുജാതയെ നോമിനേറ്റ് ചെയ്തത്. ഇതിനായി താനോ മകളോ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

കാലാവധി അവസാനിക്കാന്‍ ഇനിയും മൂന്നു വര്‍ഷം ബാക്കിയുണ്ട്. എങ്കിലും വിവാദങ്ങള്‍ക്ക് ഇടവരുത്താതെ വ്യക്തിപരമായ കാരണങ്ങളാല്‍ പദവി രാജിവയ്ക്കുകയാണ്. രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.

Related News