ബിജെപിയുടെ വോട്ട് ചോദിച്ച് വാങ്ങി, ജനവിധി അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിച്ചു: പിണറായി വിജയന്‍

  • 03/05/2021



തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കച്ചവടക്കണക്കിന്റെ ബലത്തിലാണ് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബിജെപിയുടെ വോട്ട് യുഡിഎഫ് ചോദിച്ച് വാങ്ങിയെന്നും പിണറായി ആരോപിച്ചു.

ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ വോട്ട് അവരുടെ സ്ഥാനാര്‍ഥിക്ക് നല്‍കാതെ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ വേണ്ടി മറിച്ചു കൊടുത്തു. ഇത് കൃത്യമായി കച്ചവടമാണ്. അതിന് നേതൃത്വം കൊടുത്ത യുഡിഎഫ് നേതാക്കള്‍ ജയിച്ചെന്ന് കണക്കുകൂട്ടി. കേരള രാഷ്ട്രീയത്തിലെ ജനങ്ങളുടെ മനസ് ആ കണക്കിനോടൊപ്പമല്ല നിന്നത്. അതാണ് വിജയത്തിന് ഇടയാക്കിയതെന്ന് കാണാനുണ്ടെന്നും പിണറായി പറഞ്ഞു.

90 മണ്ഡലങ്ങളില്‍ ബിജെപിക്ക് ഭീമമായി വോട്ട് കുറഞ്ഞത് എങ്ങനെയെന്നും മുഖ്യമന്ത്രി ചോദിച്ചു. 4,28,500 വോട്ട് കുറഞ്ഞു.പത്തോളം സീറ്റുകളില്‍ ബിജെപി വോട്ട് നേടി യുഡിഎഫ് ജയിച്ചു. പുറമേ കാണുന്നതിനേക്കാള്‍ വലിയ വോട്ട് കച്ചവടം നടന്നു. പുതിയ വോട്ടര്‍മാരിലെ വര്‍ധനയുടെ ഗുണം ബിജെപിക്ക് മാത്രം എന്തുകൊണ്ട് ലഭിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിന് നാല് ലക്ഷം വോട്ട് കൂടി. കുണ്ടറയില്‍ ബിജെപിയുടെ 14160 വോട്ട് കുറഞ്ഞു. യുഡിഎഫ് ഭൂരിപക്ഷം 4454 ആണെന്നും പിണറായി ചൂണ്ടിക്കാട്ടി. തൃപ്പൂണിത്തുറയില്‍ യുഡിഎഫ് ഭൂരിപക്ഷം 992, ബിജെപി വോട്ടിലെ കുറവ് 6087 ആണ്. പാലായില്‍ ജോസ് കെ.മാണി തോറ്റതും ബിജെപി വോട്ട് മറിച്ചതിനാലാണെന്നും പിണറായി ആരോപിച്ചു. 

ബിജെപി വോട്ട് മറിഞ്ഞതില്‍ സാമ്ബത്തിക താത്പര്യമുണ്ടെന്നും പിണറായി പറഞ്ഞു. വോട്ട് കച്ചവടത്തെക്കുറിച്ച് ബിജെപി നേതൃത്വം അന്വേഷിക്കണം. ബിജെപി നേതൃത്വം പാര്‍ട്ടിയാക്കി നിര്‍ത്താന്‍ ശ്രമിക്കണം. യുഡിഎഫിന്റെ നേതൃതലത്തില്‍ ധാരണകള്‍ ഉണ്ടാക്കിയെന്ന് വ്യക്തമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Related News