സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ: അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി

  • 03/05/2021

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

എല്ലാ സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും വ്യക്തികളും തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകില്ല. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി. ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസിട്രേറ്റുമാർ പരിശോധന നടത്തും.

അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങൾ അനുവദിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖപ്രകാരം മാത്രമായിരിക്കും അനുവദിക്കുക.

മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തണം. എന്നാൽ ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ- ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ കൈയിൽ കരുതണം.

Related News