വാര്‍ത്തകള്‍ വ്യാജം; ദീര്‍ഘ ദൂര, രാത്രികാല സര്‍വ്വീസുകള്‍ നിര്‍ത്തിലാക്കില്ല: കെഎസ്ആര്‍ടിസി

  • 05/05/2021



തിരുവനന്തപുരം: പൊതുഗതാഗതം അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദീര്‍ഘ ദൂര സര്‍വ്വീസുകളും രാത്രികാല സര്‍വ്വീസുകളും തുടരുമെന്ന് കെഎസ്ആര്‍ടിസി. വരുമാന നഷ്ടത്തെ തുടര്‍ന്ന് ദീര്‍ഘ ദൂര രാത്രികാല സര്‍വ്വീസുകള്‍ നിര്‍ത്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സിഎംഡി അറിയിച്ചു. വരുമാനത്തേക്കാള്‍ കൂടുതല്‍ ഡീസല്‍ ചിലവ് മൂലം നഷ്ടം ഉണ്ടായിട്ടുപോലും സര്‍വ്വീസുകള്‍ ഒഴിവാക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ഉത്തരവ് അനുസരിച്ച് 50% സര്‍വ്വീസുകള്‍ എപ്പോഴും നിലനിര്‍ത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത് ആവശ്യമെങ്കില്‍ കോവിഡ് മാറുന്ന നിലയക്ക് 70% ആയി വര്‍ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെയ് 15 മുതല്‍ കര്‍ഫ്യൂ/ലോക് ഡൗണ്‍ ഒഴിവാക്കുന്ന മുറയ്ക്ക് സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സിഎംഡി അറിയിച്ചു.

സമ്പൂര്‍ണ ലോക് ഡൗണ്‍ ഉണ്ടെങ്കില്‍ മാത്രമേ കെഎസ്ആര്‍ടിസി സര്‍വ്വീസ് പൂര്‍ണ്ണമായി നിയന്ത്രിക്കുകയുള്ളൂ എന്നും അല്ലാത്ത സമയങ്ങളില്‍ യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെന്നും സിഎംഡി വ്യക്തമാക്കി. മെയ് 15 മുതല്‍ പകല്‍ കൂടുതല്‍ സര്‍വ്വീസ് നടത്തും. ബസുകളിലും സ്‌റ്റോപ്പുകളിലും കൂടുതല്‍ തിരക്ക് ഉണ്ടാകാതെയും യാത്രാക്കാര്‍ കൂട്ടം കൂടാതെയും ആയിരിക്കും സര്‍വ്വീസുകള്‍ നടത്തുകയെന്നും സിഎംഡി പറഞ്ഞു.


Related News