ആയിരം മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജനും വാക്‌സിനും അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

  • 05/05/2021



തിരുവനന്തപുരം: ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനില്‍ ചുരുങ്ങിയത് ആയിരം മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.രണ്ടാം തരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്റെ ആവശ്യം വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഓക്‌സിജന്റെ സ്‌റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തില്‍ മതിയായ കരുതല്‍ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന വിഹിതത്തില്‍ നിന്ന് 500 മെട്രിക് ടണ്‍ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തില്‍ 500 ടണ്‍ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് 500 ടണ്‍ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്‌സിജനില്‍ നിന്ന് 1000 ടണ്‍ കേരളത്തിന് നല്‍കുന്നതിന് വിദേശ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് കഴിയാവുന്നത്ര ഓക്‌സിജന്‍ ടാങ്കറുകള്‍, പിഎസ് എ പ്ലാന്റുകള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയും മുന്‍ഗണനാടിസ്ഥാനത്തില്‍ അനുവദിക്കണം.സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 25 ലക്ഷം ഡോസ് കോ വാക്‌സിനും അനുവദിക്കണം. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നീക്കി വെക്കുമ്‌ബോള്‍ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കണം.

കേന്ദ്ര സര്‍ക്കാറുമായി യോജിച്ചുകൊണ്ട് കോവിഡ് മഹാമാരി ക്കെതിരായ പോരാട്ടത്തില്‍ കേരളം മുന്‍നിരയില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

Related News