കോവിഡ് വ്യാപനം രൂക്ഷം; തടവുകാര്‍ക്ക് രണ്ട് ആഴ്ചത്തെ പരോള്‍ അനുവദിച്ചു

  • 05/05/2021




തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തടവുകാര്‍ക്ക് രണ്ട് ആഴ്ചത്തെ പരോള്‍ അനുവദിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി. ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ളവര്‍ക്കും പരോളില്‍ പോകാന്‍ താല്‍പര്യമുള്ളവര്‍ക്കും പരോള്‍ നല്‍കും.

ജയിലില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യം ഒഴിവാക്കാന്‍ തടവുകാര്‍ക്കു പരോള്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് സര്‍ക്കാരിനോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അനുമതി നല്‍കിയത്.

ദുരന്ത നിവാരണ നിയമ പ്രകാരമാണ് നടപടി. രണ്ട് ആഴ്ചത്തേക്കാണ് തടവു പുള്ളികള്‍ക്ക് പരോള്‍ നല്‍കുക. സംസ്ഥാനത്ത് വിവിധ ജയിലുകളിലായി ആറായിരത്തോളം തടവുകാരുണ്ട്. എല്ലാ തടവുകാര്‍ക്കും പരോള്‍ ലഭിക്കില്ല.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും തടവുകാര്‍ക്കിടയില്‍ കൊറോണ വ്യാപനം അതിരൂക്ഷമാണ്. വിയ്യൂരില്‍ ഇതുവരെ ജീവനക്കാരുള്‍പ്പെടെ 55 ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂരില്‍ നൂറിലധികം പേര്‍ക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. ഇവരെല്ലാം പ്രത്യേക സെല്ലുകളില്‍ നിരീക്ഷണത്തിലാണ്.

Related News