ആശുപത്രികളില്‍ സൗകര്യങ്ങള്‍ കുറയുന്നു; കോവിഡ് രോഗികളെ മാറ്റിപാര്‍പ്പിക്കാന്‍ റെയില്‍വേ കോച്ചുകള്‍ തേടി കേരളം

  • 07/05/2021



തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ചികിത്സാ സൗകര്യങ്ങള്‍ തികയില്ലെന്ന ആശങ്കയെ തുടര്‍ന്ന് കേരളം റെയില്‍വേ കോച്ചുകള്‍ തേടുന്നു. കോവിഡ് രോഗികളെ മാറ്റിപാര്‍പ്പിക്കാനും ചികിത്സ നല്‍കുന്നതിനുമായി നിലവിലുള്ള സൗകര്യങ്ങള്‍ തികയാതെ വന്നേക്കും എന്ന ആശങ്കയെ തുടര്‍ന്നാണ് ഇത്. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച നീക്കം തുടങ്ങിയതായാണ് വിവരം.


കോച്ചുകള്‍ കിട്ടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ റെയില്‍വേ അധികൃതരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നാലായിരം ഐസൊലേഷന്‍ കോച്ചുകളാണ് റെയില്‍വേ തയ്യാറായിരിക്കുന്നത്. ഇതുവഴി 64,000 കിടക്കകള്‍ രാജ്യത്തിന് ലഭിക്കും. ഇതില്‍ നിന്ന് കേരളത്തിന് ആവശ്യമായ കോച്ചുകള്‍ എത്തിക്കാനാണ് ശ്രമം.


സംസ്ഥാനത്ത് നിലവില്‍ കോവിഡ് രോഗികളെ താമസിപ്പിക്കുന്നതിനും മറ്റും ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം വന്നിട്ടുണ്ട്. കെ ടി ഡി സിയുടെ ഹോട്ടലുകളും ഇതിനായി ഏറ്റെടുക്കും. റെയില്‍വേയുമായുളള ചര്‍ച്ച എത്രയും വേഗം പൂര്‍ത്തിയാക്കി നടപടിക്രമങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.


Related News