ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കിയതില്‍ സ്റ്റേയില്ല; നിരക്ക് കുറച്ചത് സര്‍വ്വേയ്ക്ക് ശേഷമെന്ന് ഹൈക്കോടതി

  • 07/05/2021



കൊച്ചി: കോവിഡ് പരിശോധന നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ലാബുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ കോടതി വിസമ്മതിച്ചു. ഉത്തരവ് ലംഘിക്കുന്ന ലാബുകള്‍ക്കെതിരെ നടപടി എടുക്കുന്നത് തടയണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. സര്‍വ്വേ നടത്തിയ ശേഷമാണ് സര്‍ക്കാര്‍ നിരക്ക് കുറച്ചതെന്ന് ജസ്റ്റിസ് എന്‍.നഗരേഷ് വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു കേരളത്തിലെ ലാബുകള്‍ ഈടാക്കിയിരുന്നതെന്നും മറ്റു സംസ്ഥാനങ്ങളില്‍ പരമാവധി 500 രൂപയാണെന്നും 10 ലാബുകള്‍ മാത്രമാണ് നിരക്ക് വര്‍ധന ചോദ്യം ചെയ്തിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വീടുകളില്‍ നേരിട്ടെത്തി ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിന് മൊബൈല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാര്‍ക്കറ്റ് പഠനത്തിന് ശേഷമാണ് നിരക്ക് നിശ്ചയിച്ചതെന്നും പരിശോധനയ്ക്ക് 135 മുതല്‍ 240 രൂപ വരെ മാത്രമാണ് ചിലവ് വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

നിലവിലുള്ള നിരക്ക് കുറച്ചാല്‍ പരിശോധനയുടെ ഗുണനിലവാരം കുറയുമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ ദേവി സ്‌കാന്‍ സെന്റര്‍ അടക്കം പത്തോളം ലാബുകളാണ് കോടതിയെ സമീപിച്ചത്.

നേരത്തെ നിരക്ക് കുറച്ച സര്‍ക്കാരിനെ കോടതി അഭിനന്ദിച്ചിരുന്നു. ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് മുന്‍പുണ്ടായിരുന്ന 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയാണ് സര്‍ക്കാര്‍ കുറച്ചത്. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ക്ക് വിപണിയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് പരിശോധന നിരക്കും കുറച്ചത്.

Related News