തൃശൂരിലെ മുസ്ലിം പള്ളി കോവിഡ് കെയര്‍ സെന്ററാക്കി

  • 07/05/2021




തൃശൂര്‍: മുസ്ലിം പള്ളി കോവിഡ് കെയര്‍ സെന്ററാക്കി മാറ്റി ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദ്. സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ മാളയിലെ മുസ്ലീം പള്ളിയാണ് കൊവിഡ് കെയര്‍ സെന്ററാക്കിമാറ്റിയത്.

മാള പഞ്ചായത്തില്‍ മാത്രം 300 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥീരീകരിച്ചത്. പലര്‍ക്കും ക്വാറന്റൈന്‍ സൗകര്യം വീട്ടിലില്ലാത്തതിനാലാണ് പള്ളി കൊവീഡ് കെയര്‍ സെന്ററാക്കി മാറ്റാന്‍ തീരുമാനിച്ചത്.

ഇവിടെ നിലവില്‍ 50 കിടക്കകളാണ് തയ്യാറാക്കിയിട്ടുള്ളത്. രോഗികളെ പരിചരിക്കാനായി ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും കെയര്‍ സെന്ററില്‍ ഉണ്ടാകും.

ഗുജറാത്ത് ഡല്‍ഹി എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ പള്ളികള്‍ കോവിഡ് ശുശ്രൂഷാ കേന്ദ്രങ്ങളാക്കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമായാണ് ഒരു പള്ളിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു തീരുമാനം വരുന്നത്.

ആദ്യം മദ്രസയെ കോവിഡ് സെന്ററാക്കി മാറ്റാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ തീരുമാനം മാറ്റുകയായിരുന്നു. റംസാനുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥന ഒഴിവാക്കികൊണ്ടാണ് പള്ളി കോവിഡ് രോഗികളെ പരിചരിക്കാനായി തുറന്നുനല്‍കിയത്.

Related News