വാര്‍ഡ് തല സമിതികള്‍ സജീവമല്ല, അലംഭാവം വെടിയണം,അഞ്ച് പള്‍സ് ഓക്‌സി മീറ്ററെങ്കിലും കരുതണം: മുഖ്യമന്ത്രി

  • 08/05/2021



തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും പടരുന്നത് തീവ്രവ്യാപന ശക്തിയുള്ള വൈറസാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ടിപിആര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ജാഗ്രത വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ചില തദ്ദേശ സ്ഥാപനങ്ങളില്‍ ചികിത്സാ സൗകര്യങ്ങളുടെ കുറവുണ്ട്. ഇത്തരം കുറവുകള്‍ അടിയന്തരമായി പരിഹരിക്കണം. വാര്‍ഡ് തല സമിതികള്‍ പലയിടത്തും സജീവമല്ല. അലംഭാവം വെടിഞ്ഞ് എല്ലാ വാര്‍ഡുകളിലും സമിതികള്‍ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരെയും ശുചീകരണ പ്രവര്‍ത്തകരെയും കണ്ടെത്തണം. വാര്‍ഡുതല സമിതികള്‍ കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയിലെ പ്രവര്‍ത്തകരാണ്. ഇവര്‍ക്ക് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന ഉണ്ടാകും. ആംബുലന്‍സ് തികയുന്നില്ലെങ്കില്‍ പകരം വാഹനങ്ങളുടെ പട്ടിക വേണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മൃതദേഹം സംസ്‌കരിക്കാന്‍ വാര്‍ഡുതല സമിതി ഇടപെടണം. വയോജനങ്ങളുടെയും രോഗികളുടെയും പട്ടിക തയാറാക്കണം. പള്‍സ് ഓക്‌സി മീറ്ററുകളുടെ പൂള്‍ തയാറാക്കണം. ഒരു വാര്‍ഡ് തല സമിതി അഞ്ച് പള്‍സ് ഓക്‌സി മീറ്ററെങ്കിലും കരുതണം. ഒരോ വാര്‍ഡിലും സന്നദ്ധ സേന ഉണ്ടാക്കണം. പ്രാദേശിക തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ഉണ്ടാക്കണം. പ്രാദേശിക തലത്തില്‍ ഒന്നിലധികം മെഡിക്കല്‍ ടീമും വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും നേരിയ ലക്ഷണങ്ങള്‍ ഉള്ളവരും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളിലേക്ക് മാറണം. ഡിസിസിയില്‍ കഴിയുന്നവരുടെ ഭക്ഷണം വാര്‍ഡ് തല സമിതികളുടെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News