കേരളത്തിലെ കാലാവസ്ഥയില്‍ മാറ്റം; അതിതീവ്ര ഇടിമിന്നലിനും മഴയ്ക്കും സാധ്യത

  • 09/05/2021




തിരുവനന്തപുരം: കേരളത്തില്‍ ഇടിമിന്നലിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 40 കിമി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ മാസം 12 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും 3040 കീലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റും ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിന് പിന്നാലെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നല്‍ പ്രകടമല്ല എന്നതുകൊണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കരുതെന്നും ഇടിമിന്നല്‍ സാധ്യത മനസ്സിലാക്കുന്നതിന് വേണ്ടി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ദാമിനി മൊബൈല്‍ ആപ്പ് ഉപയോഗപ്പെടുത്താമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

ഇടിമിന്നലില്‍ മിന്നലില്‍ നിന്ന് രക്ഷ നേടുന്നതിനുള്ള മുന്‍കരുതല്‍ മാര്‍ഗ്ഗങ്ങള്‍

ഇടിമിന്നലിന്റേതായ ആദ്യലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനകത്തേക്ക് മാറുക. ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കുക. ഇത്തരം സ്ഥലങ്ങളില്‍ തുടരുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും.

ഇടിമിന്നലുള്ള സമയത്ത് വീടിന്റെ ജനലും വാതിലും അടച്ചിടാന്‍ ശ്രദ്ധിക്കുക. കൂടാതെ ജനലിനും വാതിലിനും അടുത്ത് നിന്ന് മാറി നില്‍ക്കാന്‍ ശ്രദ്ധിക്കുക.

തറയിലോ ചുവരിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

വീട്ടിനുള്ളിലെ ഫ്രിഡ്ജ്. ടിവി, മിക്‌സി എന്നീ ഉപകരണങ്ങളുടെ കണക്ഷന്‍ വിച്ഛേദിക്കുക. ഇവയ്ക്ക് അടുത്ത് നിന്ന് മാറി നില്‍ക്കുക.

ഇടിമിന്നലുള്ളപ്പോള്‍ ടെലിഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് പ്രശ്‌നങ്ങളില്ല.

Related News