കേരളത്തിൽ കൊറോണ പരിശോധന കിറ്റുകൾക്ക് ക്ഷാമം: മിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണവും കുറഞ്ഞു

  • 10/05/2021

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർധിച്ചതോടെ  പരിശോധന കിറ്റുകൾക്ക് ക്ഷാമം. ഇതോടെ ഒട്ടുമിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണവും കുറഞ്ഞു.

കേരളത്തിൽ കൊറോണ പരിശോധനകളുടെ എണ്ണം കൂടാൻ തുടങ്ങിയത് ഏപ്രിൽ മൂന്നാം വാരം മുതലാണ്. കൊറോണ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ സാഹചര്യത്തിലായിരുന്നു നടപടി.

അതുവരെ മടിച്ച് നിന്നവരുൾപ്പെടെ മാസ് ടെസ്റ്റുകൾക്കായി വരിനിൽക്കാൻ തുടങ്ങി. ആർടിപിസിആർ ഫലം വൈകിയതോടെ ആൻറിജൻ ടെസ്റ്റുകളുടെ എണ്ണം കുതിച്ചുയർന്നു. ഇതോടെയാണ് ടെസ്റ്റ് കിറ്റുകൾക്ക് ക്ഷാമം നേരിടാൻ തുടങ്ങിയതെന്ന് വിവിധ ജില്ലകളിലെ മെഡിക്കൽ ഓഫീസർമാർ പറയുന്നു. 

കോഴിക്കോട് ജില്ലയിലെ കഴിഞ്ഞ നാല് ദിവസത്തെ കണക്കുകളെടുത്താൽ കൊറോണ പരിശോധനകളുടെ എണ്ണം കുറയുന്നത് വ്യക്തമാകും. ഇക്കഴിഞ്ഞ വ്യാഴാഴ്ച 20778 സാമ്പിളുകളായിരുന്നു പരിശോധിച്ചത്. 5700 പേർക്ക് രോഗം സ്ഥിരീകരിച്ചു. വെളളിയാഴ്ച പരിശോധനയുടെ എണ്ണം 16008 ആയി കുറ‌ഞ്ഞു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4200. ശനിയാഴ്ച പരിശോധനകളുടെ എണ്ണം വീണ്ടും കുറഞ്ഞ് 15120 ലെത്തി. ഇന്നലെയായിരുന്നു ഏറ്റവും കുറവ് പരിശോധന നടത്തിയത്. 13413 സാമ്പിളുകൾ. 

ജില്ലയിൽ ദിവസം 20000 ടെസ്റ്റുകൾ നടത്തുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ് എണ്ണത്തിലുളള ഈ കുറവ്. ടെസ്റ്റ് കിറ്റുകൾക്കുളള ക്ഷാമമാണ് പരിശോധനകളുടെ എണ്ണം കുറയാൻ കാരണമെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. 20000 ത്തോളം ടെസ്റ്റ് കിറ്റുകൾ ഉടൻ എത്തുമെന്നാണ് പ്രതീക്ഷയെന്നും കളക്ടർ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 17000ത്തോളം ടെസ്റ്റുകൾ നടത്തിയതിൽ 10000 വും സ്വകാര്യ ലാബുകളിലായിരുന്നു. രണ്ടാം തംരഗത്തിൻറെ തീവ്രത കുറയാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ ടെസ്റ്റുകളുടെ എണ്ണം കുറയുന്നത് കൊറോണ പ്രതിരോധത്തിൽ വലിയ പ്രതിസന്ധിയാകും.

Related News