നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ക്രിക്കറ്റ് കളി; ഏഴംഗ സംഘത്തിന് അടിപൊളി 'പണി' കൊടുത്ത് പോലീസ്

  • 10/05/2021




ആലപ്പുഴ: കോവിഡ് വ്യാപനം ശക്തമായതോടെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ ദിവസവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് പൊലീസും. അനാവശ്യമായി പുറത്തിറങ്ങാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവരും കഴിയാവുന്നത്ര വീട്ടിനുള്ളില്‍ ഇരിക്കണമെന്നാണ് നിര്‍ദേശം. എന്നാലും പല അത്യാവശ്യങ്ങളും പറഞ്ഞ് നിരത്തിലിറങ്ങുന്നവരും കുറവല്ല. ഇതിനിടെയാണ് ആലപ്പുഴയില്‍ ഒരു സംഘം കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ക്രിക്കറ്റ് കളിക്കാനിറങ്ങിയത്.

ഹരിപ്പാടിന് സമീപം മഹാദേവിക്കാട് പുളിക്കീഴ് ജംഗ്ഷനിലാണ് സംഭവം. ക്രിക്കറ്റ് കളി നടക്കുന്നതിനിടെയാണ് തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തിയത്. ക്രിക്കറ്റ് കളിച്ച സംഘത്തിലെ ഏഴുപേരെ പൊലീസ് ഉടന്‍ പിടികൂടി. ഉടനടി ശിക്ഷയും നല്‍കി. ഒരു ദിവസത്തെ സാമൂഹിക സേവനമാണ് പൊലീസ് ഇവര്‍ക്ക് നിര്‍ദേശിച്ചത്.

തൃക്കുന്നപ്പുഴ പൊലീസ് സ്‌റ്റേഷന് സമീപം നടത്തുന്ന പരിശോധനയില്‍ പങ്കെടുത്ത് മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യം പറഞ്ഞ് ആളുകളെ ബോധവാന്മാരാക്കുക എന്ന ചുമതലയാണ് പൊലീസ് ഇവര്‍ക്ക് നല്‍കിയത്. മാതൃകാപരമായ ശിക്ഷ നല്‍കിയ പൊലീസിന് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.

Related News