കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോക്ടര്‍മാര്‍

  • 10/05/2021



തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കേരളത്തില്‍ അടിയന്തരമായി ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരേയും നിയമിക്കണമെന്ന് ഗവ. ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘടന കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഏഴ് നിര്‍ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. 

മാനവവിഭവശേഷി ഉറപ്പാക്കുക, കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുക എന്നിവയടങ്ങിയ നിര്‍ദേശങ്ങള്‍ കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ: ജി.എസ് വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഡോ.ടി.എന്‍ സുരേഷ് എന്നിവരാണ് സമര്‍പ്പിച്ചത്.

മാനവവിഭവശേഷിയുടെ ഗുരുതരമായ കുറവാണ് ആരോഗ്യ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയെന്ന് സംഘടന ചൂണ്ടിക്കാട്ടി. കോവിഡിനോടൊപ്പം കോവിഡേതര ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്ന ഭാരിച്ച ഉത്തരവാദിത്വമേറ്റെടുത്ത ആരോഗ്യവകുപ്പിന് കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാന്‍ അധികം ഡോക്ടര്‍മാരെ വേണം. ആരോഗ്യ പ്രവര്‍ത്തകരെയും അടിയന്തരമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ കോവിഡ് ആശുപത്രികളില്‍ വരെ നിയമിക്കണം. 
വിശ്രമരഹിതമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലരും കോവിഡ് രോഗബാധിതരാവുന്ന സാഹചര്യവുമുണ്ട്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചില്ലെങ്കില്‍ ഗുരുതര സാഹചര്യത്തിലേക്ക് പോകാമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

ഗുരുതരമല്ലാത്ത എന്നാല്‍ വീടുകളില്‍ ചികിത്സയില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ള രോഗികളെയും കോവിഡ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാവുന്നവരെയും ചികിത്സിക്കാനും നിരീക്ഷിക്കാനും പഞ്ചായത്ത് /ബ്ലോക്ക് തലത്തില്‍ സംവിധാനം സജ്ജമാക്കണം. ഇവിടെ ഡോക്ടര്‍മാരുടെ സാന്നിധ്യം ഒഴിവാക്കി ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം നടപ്പാക്കണം. ഇത്തരം സംവിധാനങ്ങളുടെ നടത്തിപ്പിന്റെയും ജീവനക്കാരെ നിയമിക്കുന്നതിന്റെയും പൂര്‍ണ ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കണം. പുതിയ കേന്ദ്രങ്ങളല്ല ഉള്ള കേന്ദ്രങ്ങളില്‍ കൂടുതല്‍ സംവിധാനമൊരുക്കുന്നതാണ് ഉചിതം.

വീടുകളില്‍ ചികിത്സയിലുള്ള രോഗികളുടെയും നിരീക്ഷണത്തില്‍ ഉള്ളവരുടെയും എണ്ണം വലിയ തോതില്‍ വര്‍ധിച്ചു വരുന്നതിനാല്‍ അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും ചികിത്സ ഉറപ്പു വരുത്തുന്നതിനും പഞ്ചായത്ത് /ബ്ലോക്ക് തലത്തിലും വിരമിച്ചവരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രം സ്ഥാപിക്കണം. നേരിട്ട് രോഗി പരിചരണത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തവരുടെ സേവനം ഡി.സി.സികളുടെ സംവിധാനത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. 

കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് ലഭിച്ചിരുന്ന ആയിരത്തോളം പുതിയ ഡോക്ടര്‍മാരുടെ സേവനം ഇപ്പോള്‍ ലഭ്യമല്ല. ആരോഗ്യ വകുപ്പില്‍ നിന്ന് പി.ജി പഠനത്തിന് പോയ ഡോക്ടര്‍മാരെ, അത് പൂര്‍ത്തിയാകുന്ന തീയതിയില്‍ തന്നെ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ വൈകുകയാണ്. ഈ കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ പതിയണം.

18 വയസിനും 45 വയസ്സിനും ഇടയില്‍ ഉള്ളവരുടെ വാക്‌സിനേഷന്‍ എത്രയും വേഗം മുന്‍ഗണന വിഭാഗങ്ങളെ നിശ്ചയിച്ച് നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പം അണുബാധ ഏല്‍ക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള വിഭാഗമെന്ന നിലയില്‍ കോവിഡ് രോഗീപരിചരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരേയും മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് നിര്‍ദേശങ്ങളിലെ പ്രധാന ആവശ്യങ്ങള്‍.

Related News