ആരോഗ്യ പ്രവർത്തകരുടെ കുറവ് ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി; കൂടുതൽ കൂടുതൽ താത്ക്കാലിക നിയമനങ്ങൾ നടത്തും: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ രോഗവ്യാപനം കൂടുതൽ; മുഖ്യമന്ത്രി

  • 10/05/2021

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ കുറവ് ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വാർത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആരോഗ്യപ്രവർത്തകരു, ഡോക്ടർമാരും അധികമായി വേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കും. വിരമിച്ച, അവധി കഴിഞ്ഞ ഡോക്ടർമാരെ ഇതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിഎഫ്‌എൽടിസികൾ, സിഎസ്‌എൽടിസികൾ, ഡിസിസികൾ ഇവ ഇല്ലാത്തിടങ്ങളിൽ ഉടൻ സ്ഥാപിക്കണം. വാർഡ് തല സമിതികൾ ശക്തമാക്കുന്നുണ്ട്. പൾസ് ഓക്‌സി മീറ്റർ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ 50 ശതമാനത്തിനും 300-ലേറെ പഞ്ചായത്തുകളിൽ 30 ശതമാനത്തിനും മുകളിലാണ് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്. 

എറണാകുളത്തെ 19 പഞ്ചായത്തുകളിൽ ടിപിആർ അൻപത് ശതമാനത്തിനും മുകളിലാണ്. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഈ ജില്ലകളിൽ കൂടുതൽ ശക്തമായ പ്രതിരോധ പ്രവർത്തനം നടത്തേണ്ടതുണ്ട്. മറ്റ് ജില്ലകളിൽ രോഗം കുറയുന്നുണ്ട്. ഈ ലോക്ഡൗൺ എമർ‌ജൻസി ലോക്ഡൗണാണെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തലസ്ഥാനത്തും കൊച്ചിയിലുമുള‌ള പൊലീസുകാർക്ക് സിഎഫ്‌എൽ‌ടി‌സി സൗകര്യം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെയ് 15 വരെ 450 മെട്രിക് ടൺ ഓക്‌സിജൻ ആവശ്യമായി വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ഓക്‌സിജൻ വേസ്റ്റേജ് കുറയ്ക്കാൻ തീരുമാനിച്ചു. ചില കേസുകളിൽ ആവശ്യത്തിലധികം ഓക്‌സിജൻ ഉപയോഗിക്കുന്നുണ്ട്. അത് പരിശോധിക്കും. അതിനായി ടെക്‌നിക്കൽ ടീം എല്ലാ ജില്ലയിലും ഇത് പരിശോധിച്ച്‌ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News