കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു

  • 10/05/2021



തിരുവനന്തപുരം: കെ.ആര്‍. ഗൗരിയമ്മ (102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന കെആര്‍ ഗൗരിയമ്മ ഏതാനും ദിവസം മുമ്പാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടില്‍ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് എത്തിയത്.

ഐക്യകേരള രൂപീകരണത്തിനു മുന്‍പ് തിരുവിതാംകൂറില്‍ മാറ്റത്തിന്റെ വിപ്ലവജ്വാലകള്‍ ആളിപ്പടര്‍ന്ന കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്കു കടന്നുവന്ന തീപ്പൊരി സമരനായികയായിരുന്നു കെ.ആര്‍. ഗൗരിയമ്മ.

എകെജിക്കും ഇഎംഎസിനും പി. കൃഷ്ണപിള്ളയ്ക്കുമൊപ്പം കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച നേതാക്കളിലൊരാള്‍. അതിന്റെ ഭാഗമായി ഭരണകൂടത്തിന്റെ കൊടിയ മര്‍ദനങ്ങളും ജയില്‍വാസവും അനുഷ്ഠിക്കേണ്ടി വന്നപ്പോഴും പാര്‍ട്ടിക്കു വേണ്ടി ജീവനും ജീവിതവും പകുത്തു നല്‍കിയ പെണ്‍കരുത്ത്.

പിന്നീട് പാര്‍ട്ടിയോടും ഇഎംഎസിനോടും പടവെട്ടേണ്ടി വന്നപ്പോഴും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഗൗരിയമ്മ പോരാട്ടത്തിന്റെ പുത്തന്‍ മാനിഫെസ്‌റ്റോ രചിച്ചു. ഒടുവില്‍ താന്‍ കൂടി അംഗമായി രൂപീകരിക്കപ്പെട്ട പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും വിപ്ലവവീര്യം കെടാതെ കാത്ത ഗൗരിയമ്മ പാര്‍ട്ടിയോടും പോരാടി വിജയിച്ചു; അര നൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയനഭസില്‍ ജ്വലിക്കുന്ന നക്ഷത്രമായി നിലകൊണ്ടു.

ചേര്‍ത്തല പട്ടണക്കാട് കളത്തിപ്പറന്പില്‍ കെ.എ. രാമന്റെയും ആറുമുറിപറന്പില്‍ പാര്‍വതിയമ്മയുടെയും ഏഴാമത്തെ മകളായി 1919 ജൂലൈ 14 ന് ജനിച്ചു. കണ്ട മംഗലം എച്ച്എസ്എസ്, തുറവൂര്‍ ടിഡിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്റ് തെരേസാസ് കോളജിലുമായി ഉപരിപഠനം.

തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍ നിന്നും നിയമബിരുദവും നേടിയ കെ.ആര്‍ ഗൗരിയമ്മ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ പിന്തുണയോടെയാണ് രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്.

1947 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1951 ലും 1954 ലും തിരുവിതാംകൂര്‍, തിരു കൊച്ചി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1957 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായി.

പിന്നീട് 1965, 1967, 1970, 1980, 1982, 1987, 1991, 1996, 2001 തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1967 ലും 1980 ലും 1987ലും 2001 ലും മന്ത്രിയായി. ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ ആയിരുന്ന വനിത, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ പട്ടങ്ങളും ഗൗരിയമ്മയ്ക്കു സ്വന്തമാണ്.

Related News