സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണോ? പൊട്ടിച്ചിരിച്ച് മുഖ്യമന്ത്രി

  • 12/05/2021



തിരുവനന്തപുരം: സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് പിണറായി വിജയന്‍. പതിവില്ലാത്ത രീതിയില്‍ പൊട്ടിച്ചിരിച്ചുകൊണ്ടാണ് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കിയത്.

'അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ ആള്‍ക്കാര്‍ തന്നെ പറയും' അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ 20 ന് തന്നെ നടത്താം എന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എല്‍.ഡി.എഫ് യോഗം കൂടി ആലോചിക്കേണ്ടതുണ്ട്. ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരമാണെന്ന് ആരോപിച്ചുകൊണ്ടുളള വാര്‍ത്ത പങ്കുവച്ച് മുസ്ലീം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ പി.കെ. അബ്ദുറബ്ബ് രംഗത്തെത്തിയിരുന്നു. ബി.ജെ.പി മുഖപത്രത്തില്‍ വന്ന വാര്‍ത്തയാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എങ്കിലും എന്റെ പിണറായീ എന്ന തലക്കെട്ടോടെയാണ് ഇത് പങ്കുവച്ചിരിക്കുന്നത്.

മേയ് 17 വരെ സര്‍ക്കാരിന്റെ തലപ്പത്തുളള മുഖ്യമന്ത്രിയുടെ ജാതകത്തില്‍ ദോഷങ്ങള്‍ ഉണ്ടെന്നും ഈ കാലയളവില്‍ അധികാരമേറ്റാല്‍ മന്ത്രി സഭ കാലാവധി പൂര്‍ത്തിയാക്കില്ലെന്നുമാണ് ജ്യോത്സ്യന്റെ വിധി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞ ജ്യോത്സ്യന്‍ ആണ് അധികാരമേല്‍ക്കാനുളള തീയതിയും സമയവും കുറിച്ചതെന്നും ബി.ജെ.പി മുഖപത്രത്തില്‍ പറയുന്നു.


Related News