18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഉടന്‍

  • 12/05/2021



തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം ആശ്വസിക്കാവുന്ന നിലയിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 18-45 വയസ് പ്രായമുള്ളവരില്‍ മറ്റ് രോഗമുള്ളവര്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. മറ്റ് മുന്‍ഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്‌സിന്‍ കൊടുക്കുന്നത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഒറ്റയടിക്ക് വാക്‌സിന്‍ നല്‍കുകയെന്നത് വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ മേഖലയിലും മുന്‍ഗണനാ വിഭാഗം നോക്കി അവര്‍ക്ക് നല്‍കും. എന്നാല്‍ ഈ ഘട്ടത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ മാത്രം വാക്‌സിന്‍ ലഭ്യമല്ല. 1845 വയസ്സ് പ്രായമുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ അവര്‍ക്ക് തന്നെ നല്‍കും.

കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാന്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിന്‍ കേന്ദ്രസര്‍ക്കാരാണ് ലഭ്യമാക്കുന്നത്. കേരളത്തില്‍ 45 വയസിന് മുകളില്‍ 1.13 കോടി ആളുകളുണ്ട്. രണ്ട് ഡോസ് വീതം അവര്‍ക്ക് നല്‍കാന്‍ 2.26 കോടി വാക്‌സിന്‍ നമുക്ക് ലഭിക്കണം. 

കേരളത്തിന് അര്‍ഹമായ വാക്‌സിന്‍ വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ നല്‍കും. ഇക്കാര്യത്തില്‍ ഒരുപാട് മുന്‍ഗണനാ ആവശ്യം വരുന്നുണ്ട്. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. എന്നാല്‍ ഈ ഘട്ടത്തില്‍ തന്നെ എല്ലാവര്‍ക്കും നല്‍കാന്‍ മാത്രം ഒറ്റയടിക്ക് വാക്‌സിന്‍ ലഭ്യമല്ലെന്നതാണ് നേരിടുന്ന പ്രശ്‌നം. 

തിക്കുംതിരക്കുമില്ലാതെ ക്രമീകരണം ഏര്‍പ്പെടുത്താന്‍ തദ്ദേശആരോഗ്യ വകുപ്പുകള്‍ ശ്രദ്ധിക്കണം. സഹായം പോലീസില്‍ നിന്ന് ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News