കോവിഡ് ജാഗ്രത: ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ ചെറിയ പെരുന്നാള്‍

  • 13/05/2021



ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷം ആരവങ്ങളും ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ സംസ്ഥാനത്ത് ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആചരിക്കുന്നു. കൊവിഡ് സാഹചര്യത്തില്‍ കനത്ത ജാഗ്രതയോടെയാണ് ആഘോഷങ്ങള്‍. പള്ളികളില്‍ ഈദ് ഗാഹുകള്‍ ഒഴിവാക്കി വീടുകളിലാണ് നമസ്‌കാരവും മറ്റ് പ്രാര്‍ത്ഥനകളും വിശ്വാസികള്‍ സംഘടിപ്പിച്ചത്.

കോവിഡ് മഹാമാരിക്കിടയില്‍ നാടിന്റ നന്മക്കായി പ്രാര്‍ത്ഥിച്ച് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ് വിശ്വാസികള്‍. സ്‌നേഹത്തിനൊപ്പം കരുതലിന്റെയും ജാഗ്രതയുടേയും സന്ദേശം നല്‍കുകയാണ് ഇത്തവണത്തെ ചെറിയ പെരുന്നാള്‍.

പള്ളികള്‍ ഈദ് ഗാഹുകള്‍ ഒഴിവാക്കി വീടുകളിലാണ് നമസ്‌കാരവും മറ്റ് പ്രാര്‍ത്ഥനകളും.ആഘോഷങ്ങള്‍ക്ക് മാറ്റ് കുറച്ച് ഈ കെട്ട കാലത്തില്‍ നിന്നും നന്മള്‍ അതിജീവിക്കും എന്ന് ഓര്‍മ്മപെടുത്തുക കൂടിയാണ് വിശ്വാസികള്‍.

കഴിഞ്ഞ തവണത്തെപോലെ തന്നെ കൊവിഡ് മഹാമാരിക്കൊപ്പമാണ് ഇത്തവണയും ചെറിയ പെരുന്നാള്‍. കഴിഞ്ഞ വര്‍ഷം റമദാന്‍ മുഴുവന്‍ ലോക് ഡൗണ്‍ മൂലം അടച്ചു പൂട്ടിയിരുന്നെങ്കില്‍ ഇത്തവണ കുറച്ചു ദിവസമെങ്കിലും പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നു.

റമദാന്‍ വ്രതം പകുതി പിന്നിട്ടപ്പോഴാണ് സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.കഴിഞ്ഞ തവണ ചെറിയ പെരുന്നാളിന് ചെറിയ ഇളവുകള്‍ കിട്ടിയിരുന്നെങ്കിലും കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഒട്ടും നിയന്ത്രണങ്ങള്‍ക്ക് ഇളവില്ല.

Related News