കെഎസ്എഫ്ഇയെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: ചെന്നിത്തല

  • 30/11/2020


നല്ല നിലയില്‍ നടന്നിരുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായിരുന്നു കെ എസ് എഫ് ഇ. നാലര വര്‍ഷത്തെ പിണറായി  ഭരണം  കെ എസ് എഫ് ഇ യെ ഇന്ന് കള്ളപ്പണം  വെളുപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. "ആസ്ഥാനമന്ദിരത്തിന്റെ, നിര്‍മ്മാണത്തിലും, കമ്പ്യൂട്ടറൈസേഷനിലും നടന്നുവെന്ന് പറയപ്പെടുന്ന വ്യാപകമായ അഴിമതികളില്‍  തുടങ്ങി, ചിട്ടികളില്‍ വരെ ഗുരുതരമായ ക്രമക്കേട് നടക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇടപാടുകാര്‍ക്ക് പോലും വിശ്വാസമില്ലാത്ത സ്ഥാപനമായി കെഎസ്എഫ്ഇ അധ:പതിച്ചിരിക്കുന്നു.  ഈ പൊതുമേഖലാ സ്ഥാപനത്തിനെതിരെ  ഗുരുതരമായ ആരോപണങ്ങളാണ് അനുദിനം പുറത്തു വരുന്നത്. എന്തൊക്കെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടാലും, യാതൊരു അന്വേഷണവും വേണ്ട എന്ന് ധനകാര്യ മന്ത്രിയുടെ നിലപാട് തീര്‍ത്തും  ദുരൂഹമാണ്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ കൂടി  നിലപാടാണോ എന്ന്  വ്യക്തമാക്കാന്‍ പിണറായി വിജയന്‍ തയ്യറാകണം.

 ഏതൊക്കെ വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഎം പാര്‍ട്ടി നേതൃത്വം  തീരുമാനമെടുക്കുന്ന  സാഹചര്യമാണ് നിലവിലുള്ളത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സിപിഎമ്മിന്റെ  പോഷകസംഘടനയായി പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. തങ്ങള്‍ക്ക് താല്പര്യമുള്ള കേസുകള്‍ മാത്രം അന്വേഷിക്കാനും അല്ലാത്തവ അന്വേഷിക്കാതിരിക്കാനും പാര്‍ട്ടിയും സര്‍ക്കാരും വിജിലന്‍സിനെ  നിര്‍ബന്ധിക്കുന്നു.  പിണറായി ഭരണത്തിന്‍ കീഴില്‍  എല്ലാ അര്‍ത്ഥത്തിലും വിജിലന്‍സ് കൂട്ടിലടച്ച തത്തയായിരിക്കുകയാണ്. പ്രതിപക്ഷ എംഎല്‍എ മാര്‍ക്കെതിരെ അകാരണമായ വിജിലന്‍സ് അന്വേഷണമാകാം, കള്ളപ്പണം വെളുപ്പിക്കുന്നത്  ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളില്‍ അന്വേഷണം പാടില്ല എന്ന സര്‍ക്കാര്‍ നിലപാട് വിചിത്രമാണ്.

കള്ളന്മാരെയും, സ്വര്‍ണകള്ളക്കടത്തു കാരെയും, സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടാണ് കേരളത്തില്‍ അഴിമതി പെരുകാന്‍ കാരണമായാത്.  കെഎസ്എഫ്ഇ ക്കെതിരെ നടന്ന വിജിലന്‍സ് നടപടി യുടെ വിവരങ്ങള്‍ അടിയന്തരമായി പുറത്തു വിടാനും, കുറ്റക്കാരെ കണ്ടെത്തി  മാതൃകാപരമായി  ശിക്ഷിക്കാനും പിണറായി വിജയന്‍ തയ്യാറാവണം.  കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ  വിശ്വാസ്യത സംരക്ഷിക്കാന്‍ അത് അനിവാര്യമാണ്" എന്നുമാണ് അദ്ദേഹം പറഞ്ഞത്. 

Related News