ഡ്യൂട്ടിക്കിടയില്‍ മൊബൈല്‍ ഉപയോഗം വേണ്ട; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം

  • 14/05/2021



തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കിടയിലുള്ള മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണം. സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളിലടക്കം ജോലി ചെയ്യുന്ന പൊലീസുകാര്‍ അനാവശ്യമായി ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. രാജ്ഭവന്‍, സെക്രട്ടറിയേറ്റ്, ഹൈക്കോടതി തുടങ്ങിയ ഇടങ്ങളില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ മൊബൈല്‍ അനാവശ്യമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

എഡിജിപി മനോജ് കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പൊലീസുകാര്‍ ഡ്യൂട്ടി സമയത്ത് ജോലിയില്‍ ശ്രദ്ധിക്കാതെ ബൈക്കിന് മുകളില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്നാണ് എഡിജിപി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ സുരക്ഷാവീഴ്ചയ്ക്കും ഇടയാക്കിയേക്കാമെന്നും ഉത്തരവില്‍ പറയുന്നു.  

പ്രത്യേക സുരക്ഷാ മേഖലകളില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ മൊബൈല്‍ ഫോണുകള്‍ അനാവശ്യമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ എല്ലാ യൂണിറ്റ് മേധാവികളും നടപടിയെടുക്കണമെന്നാണ് ഉത്തരവിലെ നിര്‍ദേശം.
police notice.jpg

ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍: 

നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകത്ത ഒന്നായ മൊബൈല്‍ മാറിയിട്ടുണ്ട്. വളരെ പ്രധാനപ്പെട്ടതും ഉപയോഗപ്രദവുമായ ഒരുപകരണമാണിത്. എന്നാല്‍ ഇതിന്റെ അമിതവും അനാവശ്യവുമായ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ ക്ഷണിച്ചു വരുത്തും

അനാവശ്യ സമയത്തും അനാവശ്യ സ്ഥലത്തും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ശീലം
പൊലീസുകാര്‍ ഉള്‍പ്പെടെ നാനാമേഖലയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്കിടയില്‍ കണ്ടു വരുന്നുണ്ട്.

രാജ്ഭവന്‍, സെക്രട്ടറിയേറ്റ്, ഹൈക്കോടതി തുടങ്ങി സുരക്ഷാ പ്രാധാന്യമുള്ളയിടങ്ങളില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഫുട്പാത്തിലും ഡ്യൂട്ടി സ്ഥലത്തുമൊക്കെയായി പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കിന് മുകളിലിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഈയടുത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഡ്യൂട്ടിയോ ചുറ്റുപാടുകളോ ശ്രദ്ധിക്കാതെയിരുന്നാണ് മൊബൈല്‍ ഉപയോഗം.

പൊതുസ്ഥലത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായി ഇത്തരം പെരുമാറ്റങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ മോശം പ്രതിച്ഛായയാണ് സൃഷ്ടിക്കുന്നത്. ഒപ്പം സുരക്ഷ കാരണങ്ങള്‍ കൊണ്ടും ഭീഷണി ഉയര്‍ത്തുന്നതാണ്.

അതുകൊണ്ട് തന്നെ ഡ്യൂട്ടിയില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുന്ന തരത്തിലുള്ള മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ എല്ലാ യൂണിറ്റ് ഹെഡുകളും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം.

Related News