രണ്ടാം പിണറായി സർക്കാർ; സത്യപ്രതിജ്ഞാ ചടങ്ങിൽ 800 പേർക്ക് പ്രവേശനം; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

  • 14/05/2021

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻറെ സത്യപ്രതിജ്ഞാ ചടങ്ങിൽ 800 പേർക്ക് പ്രവേശനം ഉണ്ടാകും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 20നാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിട്ടുള്ളത്. ഇത് മാറ്റി വയ്ക്കില്ലെന്നാണ് സൂചന. പന്തലടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായി പണികൾ പുരോഗമിക്കുകയാണ് .

കൊറോണ പ്രോട്ടോകോൾ അനുസരിച്ചാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. മുൻകൂട്ടി അറിയിച്ചവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തും. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.

20-ന് സത്യപ്രതിജ്ഞ നിശ്ചയിച്ചതിനാൽ 18- ന് മുമ്പ് മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തിൽ ധാരണയുണ്ടാക്കാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഉഭയകക്ഷി ചർച്ചകളും പുരോഗമിക്കുന്നു. മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള രണ്ടാംഘട്ട ചർച്ചകൾ എകെജി സെന്ററിൽ നടക്കുകയാണ്. പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണൻ എന്നിവർക്ക് പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. സി പി എം മന്ത്രിമാരുടെ കാര്യത്തിൽ പാർട്ടിയിൽ ഏകദേശ ധാരണയായതായാണ് വിവരം.

സിപിഐക്ക് നാല് മന്ത്രിമാർ എന്നാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ ഒരാൾ ഒഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങളാകുമെന്നാണ് അറിയുന്നത്. ഒരു എംഎൽഎ മാത്രമുള്ള അഞ്ച് ഘടകകക്ഷികൾ ഉള്ളതിനാൽ ആർക്കൊക്കെ മന്ത്രിസ്ഥാനം നൽകണം. ടേം അനുസരിച്ച് മന്ത്രിസ്ഥാനം പങ്കിടേണ്ടവർ ആരൊക്കെ എന്ന കാര്യത്തിലും അന്തിമ തീരുമാനം വരാനിരിക്കുന്നതേ ഉള്ളു.

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് അഞ്ച് എംഎൽഎമാരുണ്ടെങ്കിലും നിലവിൽ ഒരു മന്ത്രിസ്ഥാനമേ നൽകൂ. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോൺഗ്രസ് ആവശ്യം ആവർത്തിക്കുന്നുണ്ട്. എന്നാൽ അത് നൽകാനാകില്ലെന്ന നിലപാടിലാണ് സിപിഎമ്മും സിപിഐയും.

രണ്ട് മന്ത്രിസ്ഥാനം നൽകില്ലെന്നത് തീരുമാനം ആണെങ്കിൽ സുപ്രധാന വകുപ്പുകളിൽ ഒന്ന് വേണമെന്ന നിലപാട് കേരളാ കോൺഗ്രസ് മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ നിലവിലുള്ള വകുപ്പുകൾ വിട്ടുകൊടുത്ത് നീക്കുപോക്കിന് സിപിഐ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം ഇനിയും വിശദമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. ഇത് വേഗത്തിൽ പൂർത്തിയാക്കാനാണ് ഇടത് നേതാക്കളുടെ ശ്രമം.

Related News