ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി; നാളെ ചുഴലിക്കാറ്റായി മാറും; കടലാക്രമണം രൂക്ഷം

  • 14/05/2021



അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി. നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. അഞ്ചു ജില്ലകളില്‍ കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും കടല്‍ക്ഷോഭവുമാണ്. തിരുവനന്തപുരം ജില്ലയില്‍ ശക്തമായ കടലാക്രമണം തുടരുകയാണ്. പൊഴിയൂര്‍, പരുത്തിയൂര്‍, സൗത്ത് കൊല്ലംകോട് തീരങ്ങള്‍ കടലെടുത്തു. കഴിഞ്ഞ ദിവസം ഉണ്ടായ കടല്‍ക്ഷോഭത്തില്‍ 20 ഓളം വീടുകള്‍ തകര്‍ന്നു. വീട് നഷ്ടപ്പെട്ടവരെ ക്യാമ്പുകളിലേക്ക് മാറ്റി.

കൊല്ലം ജില്ലയില്‍ 24, ഇടുക്കിയില്‍ 4, എറണാകുളത്ത് 8 പേരെയും ക്യാമ്പിലെത്തിച്ചു. 3071 കെട്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബായി മാറ്റാന്‍ സൗകര്യമൊരുക്കിയിട്ടുണഅട്. 4.23 ലക്ഷം പേരെ താമസിപ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ട്.

കോഴിക്കോട് തോപ്പയില്‍ ബീച്ചില്‍ കടല്‍വെള്ളം കയറിയതിനെ തുടര്‍ന്ന് 25 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. കൊല്ലം ജില്ലയിലെ ആലപ്പാട് കടല്‍ ക്ഷോഭത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പുള്ളതിനാല്‍ കൊല്ലത്ത് ആറ് കപ്പലുകള്‍ നങ്കൂരമിട്ടു. എറണാകുളം ചെല്ലാനത്ത് കടല്‍ ക്ഷോഭത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മലപ്പുറം പൊന്നായില്‍ കടല്‍ ക്ഷോഭത്തില്‍ വ്യാപക നഷ്ടമുണ്ടായി. വെളിയങ്കോട് ഫിഷറീസ് സ്‌കൂള്‍ താല്‍ക്കാലിക ക്യാമ്പ് ഒരുക്കുകയാണ്. ആലപ്പുഴയിലെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. നെല്ല് സംഭരണം അവതാളത്തിലാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ജലം ഒഴുക്കിവിടാന്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ 30 ഷട്ടറുകകള്‍ തുറന്നു.

Related News