നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്; ക്യാമ്പുകള്‍ തുറന്നു, വടക്കന്‍ കേരളത്തില്‍ അതീവജാഗ്രത

  • 15/05/2021




അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ലക്ഷദ്വീപിനടുത്ത് അര്‍ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ടൗട്ടെ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തമാകും. ഇതിന്റെ ഭാഗമായി മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ മാവേലിക്കരയില്‍ 15 സെന്റീമീറ്റര്‍ മഴ ലഭിച്ചു. വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. കൊല്ലം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് അലര്‍ട്ടുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്ററാകും കാറ്റിന്റെ വേഗത. പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയ്ക്കുള്ള മുന്നറിയിപ്പുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം ന്യൂനമര്‍ദം ശക്തമായതിന്റെ ഫലമായി കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ വിലക്ക് ലംഘിച്ച് കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. നിരോധനം ലംഘിക്കുന്ന യാനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും.

നിലവില്‍ പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മെയ് 15 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കാലവര്‍ഷക്കെടുതികള്‍ തടയാന്‍ താഴ്ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലും ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ ക്യാംപുകള്‍ തുടങ്ങാന്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വീടുകള്‍ക്ക് അപകടഭീഷണിയുള്ള മരങ്ങള്‍ അടിയന്തരമായി വെട്ടിമാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

കടല്‍ക്ഷോഭത്തിലും വ്യാപകനാശമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കടലാക്രമണം വലിയ നാശം വിതച്ചു. ആയിരത്തോളം വീട്ടില്‍ വെള്ളം കയറി. നിരവധി വീടും റോഡുകളും തകര്‍ന്നു. കൊല്ലം ആലപ്പാട് പഞ്ചായത്തില്‍ മൂന്നു വീട് തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.

തിരുവനന്തപുരത്ത് പൊഴിയൂര്‍, അഞ്ചുതെങ്ങ്, പൂന്തുറ, വലിയതുറ എന്നിവിടങ്ങളിലായി ഇരുനൂറോളം വീട്ടില്‍ വെള്ളം കയറി. എറണാകുളത്ത് ചെല്ലാനത്തും വൈപ്പിനിലും കടലാക്രമണം അതിരൂക്ഷമായി. ഉള്‍ക്കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മൂന്ന് ശ്രീലങ്കന്‍ ബാര്‍ജടക്കം ആറ് കപ്പല്‍ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. സംസ്ഥാന വ്യാപകമായി ആയിരത്തോളം ദുരിതാശ്വാസ ക്യമ്പ് തുറന്നു.

Related News