അതിശക്തമായ മഴ; ഇടുക്കിയില്‍ കനത്ത നാശനഷ്ടം, പത്തനംതിട്ടയില്‍ പ്രളയമുന്നറിയിപ്പ്

  • 15/05/2021



തൊടുപുഴ: ഇടുക്കിയില്‍ ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. പീരുമേടും ദേവികുളത്തും 20 സെന്റീമീറ്ററിലധികം മഴയാണ് പെയ്തത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടിമാലി കല്ലാര്‍ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകള്‍ തുറന്നു.ഹൈറേഞ്ച് മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടമാണുണ്ടായത്. നിരവധി മരങ്ങളാണ് കടപുഴകി വീണത്.മൂന്നാര്‍വട്ടവട റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. അടിമാലിമൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ശ്രമം തുടരുകയാണ്. ഉടുമ്പന്‍ചോലയിലും തങ്കമണിയിലും മുന്‍കരുതലിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാംപ് തുറന്നു.

പത്തനംതിട്ടയിലെ മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറാനും ജല കമീഷന്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.

തുമ്പമണ്‍ സ്‌റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാലാണ് അച്ചന്‍കോവിലാറില്‍ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കല്ലൂപ്പാറ സ്‌റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ മണിമലയാറിലും വെള്ളം കയറും.

അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നെ ജില്ലകളില്‍ 40 കി.മി.വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Related News