രണ്ടാം ഘട്ട വാക്‌സിനേഷന്‍ വൈകുന്നു; ജോലി നഷ്ടപ്പെടുമെന്ന ഭയത്തില്‍ വിദേശ മലയാളികള്‍

  • 17/05/2021



വാക്‌സിനേഷനിലെ കാലതാമസം കാരണം തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് കോവിഡ് രണ്ടാം തരംഗത്തിന് മുമ്പായി അവധിക്കെത്തിയ വിദേശ മലയാളികള്‍. രണ്ടു ഘട്ട വാക്‌സിനേഷനും പൂര്‍ത്തിയാക്കിയതിന്റെ രേഖയുണ്ടെങ്കില്‍ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും പ്രവേശിക്കാന്‍ സാധിക്കുക. അതേസമയം ആറു മാസത്തിനുള്ളില്‍ മടങ്ങിയില്ലെങ്കില്‍ വിസ റദ്ദാകും.

നാലുമാസം കഴിഞ്ഞതോടെ പലരും തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. 18 മുതല്‍ 40 വരെ പ്രായമായവരില്‍ വാക്‌സിനേഷന്‍ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ആദ്യ ഡോസ് ഇപ്പോള്‍ എടുത്താല്‍ മാത്രമേ ആറുമാസം തികയും മുമ്പ് രണ്ടാം ഡോസും പൂര്‍ത്തീകരിച്ച് വിദേശത്തേക്ക് മടങ്ങാന്‍ കഴിയുകയുള്ളൂ.

18 മുതല്‍ 40 വരെ പ്രായപരിധിയിലുള്ളവരാണ് വിദേശത്തു ജോലി ചെയ്യുന്നതില്‍ കൂടുതല്‍ പേരും. എന്നാണ് ഇവര്‍ക്ക് ഇതുവരെ മുന്‍ഗണന ലഭിച്ചിട്ടില്ല. പ്രായപരിധി നോക്കാതെ തന്നെ നാട്ടിലുള്ള വിദേശ മലയാളികള്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

Related News