സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര്‍; കോവിഡ് പരിശോധന ഫലം നിര്‍ബന്ധം

  • 17/05/2021



തിരുവനന്തപുരം: രണ്ടാം ഇടതു മുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര്‍ക്ക് മാത്രം പ്രവേശനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പ്രവേശനം പാസുള്ളവര്‍ക്ക് മാത്രമാണെന്നും 48 മണിക്കൂര്‍ മുന്‍പത്തെ കോവിഡ് പരിശോധന ഫലം കൈവശമുണ്ടാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഉച്ചയ്ക്ക് 2.45 ന് മുന്‍പ് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കണം. ടെസ്റ്റ് റിസള്‍ട്ടോ രണ്ട് വാക്‌സിനും എടുത്ത സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. എംഎല്‍എമാര്‍ക്ക് കോവിഡ് ടെസ്റ്റിന് പ്രത്യേക സൗകര്യമുണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ തുറസായ സ്ഥലത്താണ് സത്യപ്രതിജ്ഞ ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഇതെല്ലാം കണക്കിലെടുത്താണ് സ്‌റ്റേഡിയം തെരഞ്ഞെടുത്തത്. 

ഇത്തരം കാര്യങ്ങള്‍ക്ക് 500 വലിയ സംഖ്യ അല്ല. 140 എംഎല്‍എമാര്‍ ഉണ്ട്. ഇവരെ ഒഴിവാക്കാന്‍ കഴിയില്ല. ന്യായാധിപന്‍മാരെയും അനിവാര്യരായ ഉദ്യോഗസ്ഥരെയും ക്ഷണിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളെയും ചടങ്ങില്‍ ഉള്‍പ്പെടുത്തിയേ മതിയാകു. മാധ്യമപ്രവര്‍ത്തകരെയും ഒഴിവാക്കാന്‍ സാധിക്കില്ല. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയാണ് 500 പേര്‍. 

കഴിഞ്ഞ സത്യപ്രതിജ്ഞയില്‍ 40,000 പേര്‍ പങ്കെടുത്തിരുന്നു.അസാധാരണ സാഹചര്യം കണക്കിലെടുത്താണ് ഇപ്രാവശ്യം സംഖ്യ ചുരുക്കിയത്. 

കേരളത്തിലെ ഓരോരുത്തരുടെയും മനസാണ് സത്യപ്രതിജ്ഞ വേദി. ജനങ്ങളുടെ അടുത്ത് വന്ന് നന്ദി പറയാന്‍ പോലും കഴിഞ്ഞിട്ടില്ല, ജനങ്ങള്‍ക്ക് മഹാമാരി മൂലം വരാനും കഴിയില്ല. വരാന്‍ ആഗ്രഹിച്ചിട്ടും വരാന്‍ സാധിക്കാത്തവരെ ഹൃദയ പൂര്‍വം അഭിവാദ്യം ചെയ്യുന്നു. 

സത്യപ്രതിജ്ഞ വൈകിപ്പിച്ചത് പോലും ജനപങ്കാളിത്തം ഉറപ്പിക്കാനായിരുന്നു. ചടങ്ങ് കാണാന്‍ കടല്‍കടന്ന് വരാനാഗ്രഹിക്കുന്ന പ്രവാസികള്‍ പോലുമുണ്ട്. എന്നാല്‍ സത്യപ്രതിജ്ഞ അനിശ്ചിതമായി വൈകിപ്പിക്കാന്‍ സാധിക്കില്ല. 

സര്‍ക്കാരിന്റെ ഭരണതുടര്‍ച്ചയില്‍ അകമഴിഞ്ഞ് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. ഈ വിജയം ഉറപ്പിക്കാന്‍ നിസ്വാര്‍ഥമായി അഹോരാത്രം പണിപ്പെട്ടവരുണ്ട്. സ്ഥിതിഗതികള്‍ മാറുമ്‌ബോള്‍ ഈ വിജയം നമുക്ക് ഒരുമിച്ച് വിപുലമായ തോതില്‍ ആഘോഷിക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News