കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം; പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് ശൈലജ

  • 18/05/2021



മന്ത്രിസഭയില്‍ നിന്ന് കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച മന്ത്രിയായ ശൈലജയ്ക്ക് ഇത്തവണയും ആരോഗ്യവകുപ്പ് നല്‍കണമെന്നായിരുന്നു പൊതുജനാഭിപ്രായം. എന്നാല്‍ പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നുവെന്ന കാരണത്താല്‍ ഈ മന്ത്രിസഭയില്‍ നിന്ന് ശൈലജയെ ഒഴിവാക്കുകയായിരുന്നു. ഇതിനെ കനത്ത പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. പ്രമുഖരുള്‍പ്പെടെ നിരവധിപ്പേരാണ് ഈ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം പാര്‍ട്ടി നടപടി പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് കെ കെ ശൈലജ പറഞ്ഞു.മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെ ആരും വൈകാരികമായെടുക്കേണ്ട. പാര്‍ട്ടി തീരുമാനിച്ചതുകൊണ്ടാണ് മന്ത്രിയുടേത്. ചെയ്ത കാര്യങ്ങളില്‍ പൂര്‍ണ തൃപ്തിയുണ്ട്. പുതിയ ടീമിന് തന്നേക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ശൈലജ പറഞ്ഞു. കോവിഡ് പ്രതിരോധം താന്‍ ഒറ്റയ്ക്കല്ല നടത്തിയത്. വ്യക്തിയല്ല, സംവിധാനമാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. ആരോഗ്യമന്ത്രിയായതുകൊണ്ടാണ് നേതൃപരമായ ഉത്തരവാദിത്തം നിര്‍വഹിച്ചതെന്നും ശൈലജ പറഞ്ഞു.


പാര്‍ട്ടി വിപ്പ് സ്ഥാനമാണ് ഇത്തവണ ഷൈലജയ്ക്ക് നല്‍കിയത്. കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച പ്രതിച്ഛായുണ്ടായിരുന്ന ഷൈലജയെ മാറ്റി നിര്‍ത്തിയത് രാഷ്ട്രീയ ഭേദമന്യേ ഏവരെയും ഞെട്ടിച്ചു. ശൈലജയുടെ പ്രവര്‍ത്തനം പിണറായി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് വലിയ തോതില്‍ കാരണമായിരുന്നു. എന്നിട്ടു കൂടി ശൈലജയെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന ചോദ്യം ഉടലെടുക്കുന്നു.

ഇന്നു രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയാണ് ശൈലജയെ ഒഴിവാക്കാമെന്ന് തീരുമാനിച്ചത്. കോടിയേരി ബാലകൃഷ്ണനാണ് പുതിയ മന്ത്രിമാരുടെ പട്ടിക അവതരിപ്പിച്ചത്. ഡബിള്‍ ടേം വേണ്ടെന്ന പാര്‍ട്ടി നിലപാട് ശൈലജയ്ക്ക് മാത്രമായി ഇളവ് ചെയ്യാന്‍ സാധ്യമല്ലെന്നായിരുന്നു കോടിയേരിയുടെ ഭാഷ്യം. 88 അംഗ സംസ്ഥാന സമിതിയില്‍ ഭൂരിഭാഗവും കോടിയേരിയെ അനുകൂലിച്ചു. ശൈലജ മന്ത്രിയാകേണ്ടെന്ന കോടിയേരിയുടെ താല്‍പ്പര്യം തന്നെയായിരുന്നു ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഉണ്ടായിരുന്നത്.

ഏഴുപേര്‍ മാത്രമാണ് ഷൈലജയ്ക്ക് വേണ്ടി വാദിച്ചത്. എംവി ജയരാജന്‍ ശൈലജയ്ക്ക് വേണ്ടി തുടക്കം മുതല്‍ വാദിച്ചെങ്കിലും വിലപോയില്ല. ഇതു ശരികേടാണെന്ന ജയരാജന്റെ വാദം മറ്റു മുതിര്‍ന്ന നേതാക്കള്‍ അതിനെ തള്ളി. ഇതോടെ ശൈലജയെ മാറ്റി നിര്‍ത്തണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു.


Related News