ആരോഗ്യവകുപ്പില്‍ വനിതാമന്ത്രി, പി രാജീവിന് വ്യവസായം; വകുപ്പ് വിഭജന ചര്‍ച്ചകള്‍ ഇങ്ങനെ...

  • 19/05/2021




തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ വകുപ്പ് വിഭജനം ഇന്ന് പൂര്‍ത്തിയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആഭ്യന്തരവകുപ്പ് തുടര്‍ന്നും കൈകാര്യം ചെയ്യാനാണ് സാദ്ധ്യത. വകുപ്പ് വിഭജനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും.

ധനകാര്യമന്ത്രിയായി കെ എന്‍ ബാലഗോപാലിനെയാണ് പരിഗണിക്കുന്നത്. വ്യവസായം പി രാജീവിനും തദ്ദേശം എം വി ഗോവിന്ദനും നല്‍കാനാണ് ആലോചന. ആര്‍ ബിന്ദു, വീണ ജോര്‍ജ്ജ് എന്നിവരെ വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളിലാണ് പരിഗണിക്കുന്നത്. വീണ ജോര്‍ജ്ജിന് ആരോഗ്യം കിട്ടാനുള്ള സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ആര്‍ ബിന്ദു വിദ്യാഭ്യാസ മന്ത്രിയാകും. ഇല്ലെങ്കില്‍ തിരിച്ചാകാനാണ് സാദ്ധ്യതയുണ്ട്.
കെ.രാധാകൃഷ്ണന് പൊതുമരാമത്തിനൊപ്പം പട്ടികജാതിപട്ടികവര്‍ഗ വകുപ്പും പരിഗണനയിലുണ്ട്. വി എന്‍ വാസവന് എക്‌സൈസും വി ശിവന്‍കുട്ടിക്ക് സഹകരണവും ദേവസ്വം നല്‍കിയേക്കും. ഇതിനൊപ്പം വൈദ്യുതിയും പരിഗണനയിലുണ്ട്. സജി ചെറിയാനെയും വൈദ്യുതി വകുപ്പിലേക്ക് ആലോചിക്കുന്നുണ്ട്. മുഹമ്മദ് റിയാസിന് യുവജനക്ഷേമവും ടൂറിസവും നല്‍കാനാണ് നീക്കം.

വി അബ്ദുല്‍ റഹ്മാന് ന്യൂനപക്ഷക്ഷേമത്തിനൊപ്പം മറ്റൊരു പ്രധാനവകുപ്പ് നല്‍കുമെന്നാണ് സൂചന. സി പി ഐയില്‍ നിന്ന് കെ രാജന് റവന്യൂവും, പി പ്രസാദിന് കൃഷിയും, ജി ആര്‍ അനിലിന് ഭക്ഷ്യവും നല്‍കാനാണ് ആലോചന. ജെ ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികുപ്പും ലീഗല്‍ മെട്രോളജിയും നല്‍കും. എന്‍ സി പി, ജെ ഡി എസ് കക്ഷികള്‍ക്ക് കഴിഞ്ഞതവണത്തെ വകുപ്പുകള്‍ തന്നെ ലഭിച്ചേക്കും.

Related News