കെ കെ ശൈലജയെ ഒഴിവാക്കിയതില്‍ കേന്ദ്രനേതാക്കള്‍ക്കും അതൃപ്തി; ചര്‍ച്ച ചെയ്യും

  • 19/05/2021



ന്യൂഡല്‍ഹി: കെ കെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത് അടുത്ത സി പി എം കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. വിഷയം ഉന്നയിക്കാന്‍ ചില കേന്ദ്ര നേതാക്കള്‍ തീരുമാനിച്ചതോടെയാണ് ശൈലജയുടെ മാറ്റം സി പി എമ്മില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പല നേതാക്കള്‍ക്കും വിഷയത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

പുതുമുഖങ്ങളെ മന്ത്രിസഭയില്‍ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോഴും കെ കെ ശൈലജയ്ക്ക് ഇളവുണ്ടാകുമെന്നായിരുന്നു കേന്ദ്ര നേതാക്കള്‍ കരുതിയിരുന്നത്. പഴയ ടീമിനെ മുഴുവനായി മാറ്റുകയെന്നത് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനമെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോ യോഗവും അടുത്ത മാസം ചേരാനാണ് സാദ്ധ്യത.

ദേശീയ തലത്തില്‍ സി പി എമ്മിനെതിരെ ആരോപണങ്ങള്‍ ഉയരാനുള്ള സാദ്ധ്യത നിലനില്‍ക്കെയാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം. ഇന്നലെ രാവിലെ കേരളത്തില്‍നിന്നുള്ള പി ബി അംഗങ്ങളുടെ യോഗത്തില്‍ കോടിയേരിയാണ് എല്ലാവരും പുതുമുഖങ്ങള്‍ എന്ന ആശയം മുന്നോട്ടുവച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായവും ആരാഞ്ഞിരുന്നു.

ശൈലജയെ ഒഴിവാക്കുന്നത് അനാവശ്യമായ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടവയ്ക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം ബൃന്ദാ കാരാട്ടും ചൂണ്ടിക്കാട്ടി. എന്നാല്‍ ശൈലജയ്ക്കു മാത്രമായി ഇളവു നല്‍കേണ്ടതില്ലെന്ന നിലപാണ് കേരളത്തില്‍നിന്നുള്ള മറ്റ് പി ബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ളയും എം എ ബേബിയും സ്വീകരിച്ചത്. കഴിഞ്ഞ സര്‍ക്കാരില്‍ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അതില്‍ വിവേചനം അരുതെന്നും ഈ നേതാക്കള്‍ പറഞ്ഞു.

Related News