പി സി ചാക്കോ എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍

  • 19/05/2021




തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് എന്‍ സി പിയിലെത്തിയ മുതിര്‍ന്ന നേതാവ് പി സി ചാക്കോ എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷനാവും. ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറാണ് പി സി ചാക്കോയെ അദ്ധ്യക്ഷനാക്കിയുളള നിര്‍ദേശത്തിന് അനുമതി നല്‍കിയത്. നിലവില്‍ ടി പി പീതാംബരനാണ് എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍. പീതാംബരനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം എ കെ ശശീന്ദ്രന് എന്‍ സി പിയുടെ മന്ത്രിസ്ഥാനം ലഭിക്കുന്നതിനടക്കം നിര്‍ണായക നീക്കം നടത്തിയത് പി സി ചാക്കോ ആയിരുന്നു. ചാക്കോയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് തോമസ് കെ തോമസിന് രണ്ടരവര്‍ഷക്കാലത്തെ കാലാവധി അടക്കം കിട്ടാതെ പോയത്.

കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ എന്‍ സി പിയിലെത്തിയ ചാക്കോ പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിയല്ലെങ്കിലും ഇന്നലെ മന്ത്രിയെ തീരുമാനിച്ച യോഗത്തില്‍ അദ്ദേഹത്തോട് പങ്കെടുക്കാന്‍ ശരത് പവാര്‍ ആവശ്യപ്പെട്ടിരുന്നു. ശശീന്ദ്രന് പകരം തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്നായിരുന്നു ടി പി പീതാംബരന്റെ പ്രധാന ആവശ്യം. എന്നാല്‍ ശശീന്ദ്രന്‍ മന്ത്രിയും പി സി ചാക്കോ സംസ്ഥാന അദ്ധ്യക്ഷനുമാകുന്നതോടെ എന്‍ സി പിയില്‍ ചാക്കോയുടെ നേതൃത്വത്തില്‍ പുതിയ ചേരി രൂപപ്പെടുകയാണ്‌

Related News