സത്യപ്രതിജ്ഞ ചടങ്ങ് ടിവിയില്‍ കാണാം, നേരിട്ട് എത്തുന്നില്ല; മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ അറിയിച്ച് ചെന്നിത്തല

  • 20/05/2021




തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല തന്റെ ആശംസകള്‍ അര്‍പ്പിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെന്‍ട്രന്‍ സ്‌റ്റേഡിയത്തിലേക്ക് എത്തേണ്ടതില്ലെന്ന് യു ഡി എഫ് നിലപാടെടുത്തിരുന്നു. ടെലിവിഷനിലൂടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുമെന്ന നിലപാടാണ് യു ഡി എഫിനുളളത്. ആയതിനാല്‍ തന്നെ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുളളവര്‍ ഇന്ന് ചടങ്ങിനെത്തില്ല.

അതേസമയം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സര്‍കാരുകളുടെ പ്രതിനിധികള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. തമിഴ്‌നാട് സര്‍കാരിനെ പ്രതിനിധീകരിച്ച് വ്യവസായ മന്ത്രി തങ്കം തേനരശും ബംഗാള്‍ സര്‍കാരിന്റെ പ്രതിനിധിയായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി കാകോലി ഘോഷ് ദസ്തദറും ആണ് പങ്കെടുക്കുക.

വ്യാഴാഴ്ച വൈകീട്ട് മൂന്നരക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വിശാലമായ പന്തലില്‍ ആണ് ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ഭരണം നേടിയ ഇടതുമുന്നണി സര്‍കാര്‍ സത്യപ്രതിജ്ഞാ ചെയ്യുന്നതോടെ അധികാരമേല്‍ക്കും.

കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഹ്രസ്വമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാര്‍ സെക്രടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും.


Related News