96 വോട്ട് നേടി ജയം; എംബി രാജേഷ് കേരള നിയമസഭയുടെ 23ാം സ്പീക്കര്‍

  • 25/05/2021



തിരുവനന്തപുരം: എംബി രാജേഷിനെ പതിനഞ്ചാം  നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു. കേരള നിയമസഭയുടെ 23ാം സ്പീക്കറാണ് തൃത്താലയില്‍ നിന്നുള്ള എംഎല്‍എയായ എംബി രാജേഷ്. 96 വോട്ടുകളാണ് എംബി രാജേഷിന് ലഭിച്ചത്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ പിസി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു. ആരോഗ്യ കാരണങ്ങളാല്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാത്ത 3 പേരും പ്രോട്ടേം സ്പീക്കര്‍ പിടിഎ റഹീമും വോട്ട് രേഖപ്പെടുത്തിയില്ല.

ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പുതിയ സ്പീക്കറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. സഭാ നായകന്‍ എന്ന നിലയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം സംസാരിക്കുമെന്ന പ്രസ്താവന ശ്രദ്ധിച്ചതായും അത് സഭയക്കുള്ളില്‍ സംഘര്‍ഷത്തിന് വഴിവെയ്ക്കുമെന്നും അതിനാല്‍ സഭാ നായകന്‍ അത് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എംബി രാജേഷിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ പൂര്‍ണ സഹായവും അദേഹം വഗ്ദാനം ചെയ്തു.

നൂറ്റിനാല്‍പത് അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരില്‍ 17 പേരാണ് ആദ്യവട്ടം സഭയിലെത്തിയത്. കഴിഞ്ഞ നിയമസഭയിലെ 75 പേര്‍ വീണ്ടും സഭയിലെത്തി. അതിനു മുമ്ബുള്ള മറ്റു നിയമസഭകളില്‍ അംഗമായിരുന്ന 12 പേരും പതിനഞ്ചാം നിയമസഭയിലുണ്ട്. ഉമ്മന്‍ചാണ്ടിയാണ് സഭയിലെ സീനിയര്‍. ഉമ്മന്‍ചാണ്ടി പന്ത്രണ്ടാം തവണയാണ് തുടര്‍ച്ചയായി സഭയിലെത്തുന്നത്.

സഭയിലെ 'രണ്ടാമന്‍' തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രിയായ എം.വി. ഗോവിന്ദനാണ്. മുന്‍നിരയില്‍ മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്താണ് എം.വി. ഗോവിന്ദന്റെ സ്ഥാനം. ഇരിപ്പിടങ്ങളില്‍ മുന്‍നിര സീറ്റുകള്‍ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി. പ്രൊഫ.എന്‍. ജയരാജ്, ഇ. ചന്ദ്രശേഖരന്‍, ഉമ്മന്‍ചാണ്ടി, അനൂപ് ജേക്കബ്, പി.ജെ. ജോസഫ്, കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്ക് അനുവദിച്ചപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ സ്ഥാനം പ്രതിപക്ഷനിരയില്‍ രണ്ടാം നിരയില്‍ ആദ്യമായി. രണ്ടാമത്തെ നിരയിലാണ് മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍, പ്രൊഫ. ബിന്ദു, വി.എന്‍. വാസവന്‍, വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, മുഹമ്മദ് റിയാസ് എന്നിവരുടെ ഇരിപ്പിടങ്ങള്‍. മന്ത്രിമാരായ ആന്റണി രാജു, ജെ.ആര്‍.അനില്‍, വീണ ജോര്‍ജ്, വി. അബ്ദുറഹിമാന്‍ എന്നിവരുടെ ഇരിപ്പിടങ്ങള്‍ മൂന്നാംനിരയിലാണ്.

Related News