ന്യൂനപക്ഷ ക്ഷേമ വകുപ്പിന് പിന്നാലെ ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രിക്ക്

  • 26/05/2021




തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് പിന്നാലെ സി പി ഐ കൈകാര്യം ചെയ്യുന്ന ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച് സി പി എമ്മും സി പി ഐയും തമ്മിലെ ഉഭയകക്ഷി ചര്‍ച്ച അവസാന ഘട്ടത്തിലാണ്. തുടര്‍ച്ചയായ പ്രളയങ്ങള്‍ക്ക് ശേഷം പ്രാധാന്യമുയര്‍ന്ന വകുപ്പും മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ റവന്യു മന്ത്രിയുടെ അധികാരങ്ങള്‍ ദുര്‍ബലമാകും. വനം വകുപ്പിന് പിന്നാലെ ദുരന്ത നിവരണ വകുപ്പും വിട്ടുകൊടുക്കാന്‍ സി പി ഐ തയ്യാറാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

ഒന്നാം പിണറായി സര്‍ക്കാരില്‍ ദുരന്ത നിവാരണ വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. അന്ന് സി പി ഐ നേതൃത്വത്തിന്റെ എതിര്‍പ്പും ഭരണപരവും സാങ്കേതികവുമായ മറ്റ് സങ്കീര്‍ണതകളുമാണ് തടസമായത്.

ജില്ലകളില്‍ കളക്ടര്‍മാരാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ അധികാര കേന്ദ്രം. പുതിയ മാറ്റങ്ങളില്‍ റവന്യുമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിനും ജില്ലാ ഭരണകൂടങ്ങളുടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടാന്‍ അവസരമൊരുങ്ങും. ഒന്നാം മന്ത്രിസഭയെക്കാള്‍ കൂടുതല്‍ വകുപ്പുകള്‍ ഏറ്റെടുത്ത് രണ്ടാമൂഴത്തില്‍ കൂടുതല്‍ പിടിമുറുക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം.

2005ലാണ് കേന്ദ്ര നിയമത്തിന്റെ ചുവട് പിടിച്ച് ദുരന്ത നിവാരണ വകുപ്പ് സംസ്ഥാനത്ത് നിലവില്‍ വന്നത്. ജില്ലാ ഭരണകൂടങ്ങളുടെ അധികാരങ്ങളോട് ചേര്‍ത്ത് ചട്ടങ്ങള്‍ വന്നതോടെ തുടക്കം മുതല്‍ റവന്യു വകുപ്പുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഓഖി ചുഴലിക്കാറ്റിനും, 2018ലെയും 2019ലെയും പ്രളയങ്ങള്‍ക്കും ശേഷം ദുരന്ത നിവാരണ വകുപ്പിന്റെ പ്രാധാന്യം കൂടുകയായിരുന്നു.

പ്രകൃതി ക്ഷോഭങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട ഏകോപനത്തിനായി വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാക്കണം എന്ന അഭിപ്രായമാണ് സി പി എം മുന്നോട്ടുവയ്ക്കുന്നത്. സി പി എം സി പി ഐ നേതൃത്വങ്ങള്‍ നടത്തിയ ചര്‍ച്ചകളില്‍ കാര്യമായ വിയോജിപ്പുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് സൂചന.

Related News