ഭാരം വെറും150 ഗ്രാം മാത്രം ; കയ്യിൽ കൊണ്ടു നടക്കാൻ കഴിയുന്ന ചെറിയ ഓക്സിജൻ സിലിണ്ടറുകളുടെ വില്പന കേരളത്തിലും

  • 26/05/2021

പാലക്കാട്: കയ്യിൽ കൊണ്ടു നടക്കാൻ കഴിയുന്ന ചെറിയ ഓക്സിജൻ സിലിണ്ടറുകളുടെ വില്പന കേരളത്തിലും. പാലക്കാട് മുതലമടയിലെ ആയുർവേദ ഫാർമസ്യൂട്ടിക്കൽ കമ്പനിയ്ക്കാണ് ഓക്സിജൻ സിലിണ്ടറുകളുടെ വിതരണ ചുമതല.

കൊറോണ കാലത്ത് മെഡിക്കൽ ഓക്സിജൻ പ്രാധാന്യം കൂടിയ സാഹചര്യത്തിലാണ് കയ്യിൽ കൊണ്ടു നടക്കാൻ കഴിയുന്ന ഓക്സിജൻ സിലിണ്ടർ കേരളത്തിലും വിപണിയിലെത്തിയത്. 10 ലിറ്റർ ഓക്‌സിജൻ അടങ്ങിയ ഒരു സിലിണ്ടറിന്റെ ഭാരം 150 ഗ്രാം മാത്രമാണ്. ഒരു സിലിണ്ടർ ഉപയോഗിച്ച് 225 തവണ ശ്വാസം സ്വീകരിക്കാൻ കഴിയുമെന്ന് വിതരണക്കാർ അവകാശപ്പെടുന്നു. 

ശരീരത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞ് പ്രതിസന്ധി നേരിടുന്നവർക്ക് അടിയന്തിരമായി പ്രാഥമിക ചികിത്സ നൽകാൻ സാധിക്കും. രണ്ടുവർഷം വരെ ഓക്സിജന്റെ ഗുണമേൻമ നഷ്ടപ്പെടാതെയിരിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു. കൊല്ലത്തെ സ്വകാര്യ സംരംഭകരുടെ ഉദ്യമമായ ഓക്സി സെക്യൂ ബൂസ്റ്റർ എന്ന ഉത്പന്നം പാലക്കാട്ടെ ആയുർവേദ ഫാർമസ്യൂട്ടിക്കൽ കമ്പനി ആണ് വിപണിയിലിറക്കുന്നത്.

കേരളത്തിലെ കൊറോണ വ്യാപനം കണക്കിലെടുത്ത് ഉടൻ തന്നെ വിപണിയിലെത്തുമെന്നാണ് വിതരണക്കാർ പറയുന്നത്. അതേസമയം കൊറോണ മുക്ത രോഗികൾക്ക് ശാശ്വതമായ പരിഹാരമല്ല ഇത്തരം സിലിണ്ടറുകളെന്നും ഓക്സിജൻ കോൺസൻട്രേറ്റുകളാണ് വേണ്ടതെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം.

Related News