ലക്ഷദ്വീപിലെ സ്‌കൂളുകള്‍ പൂട്ടുന്നു; എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനം

  • 27/05/2021





ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗൃമായി സ്‌കൂളുകള്‍ പൂട്ടാനും എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനും തീരുമാനം. അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്. സ്‌കൂളുകള്‍ ലയിപ്പിക്കുന്നതിന്റെ മറവിലാണ് അടച്ച് പൂട്ടല്‍. 15 ഓളം സ്‌കൂളുകളാണിതുവരെ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം നാല് സ്‌കൂളുകള്‍ക്കാണ് താഴ്വീണത്. മറ്റ് ചില സ്‌കൂളുകള്‍ കൂടി ഇത്തരത്തില്‍ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ് നിവാസികള്‍ പറയുന്നു.

വിദഗ്ധ ചികിത്സക്കായി ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനും നീക്കമുണ്ട്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം ടെണ്ടര്‍ വിളിച്ചു. നിലവില്‍ രണ്ട് എയര്‍ ആംബുലന്‍സുകളാണ് ലക്ഷദ്വീപില്‍ നിന്ന് രോഗികളെ കൊച്ചിയിലെയും മറ്റും ആശുപത്രികളിലേക്ക് എത്തിക്കാനുള്ളത്. ഇതിന്റെ സേവനം അവസാനിപ്പിച്ച് സ്വകാര്യമേഖലക്ക് നല്‍കാനാണ് നീക്കം.

തീരസംരക്ഷണ നിയമത്തിന്റെ പേരില്‍ ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും ഷെഡുകളും നശിപ്പിച്ചിരുന്നു.ഏപ്രില്‍ 28ന് രാത്രിയിലാണ് ജെസിബി ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും വള്ളങ്ങളുമെല്ലാം പൊളിച്ചടുക്കിയത്. ഇതേസമയം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരോധനാജ്ഞ നിലനിന്നിരുന്നതിനാല്‍ ദ്വീപ് നിവാസികള്‍ക്ക് പ്രതികരിക്കാന്‍ പോലും സാധിച്ചില്ല. പിറ്റേദിവസം രാവിലെ വീടുകളില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഞെട്ടിക്കുന്നതും ദുഃഖകരവുമായിരുന്നുവെന്ന് ദ്വീപ് നിവാസികള്‍ പ്രതികരിച്ചു.

Related News