ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോടടുത്ത്

  • 27/05/2021



കണ്ണട ഷോപ്പുകള്‍, നേത്ര പരിശോധകര്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുന്നവ, കൃത്രിമ അവയവങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്നവ, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്നവ, മൊബൈല്‍ കമ്പ്യൂട്ടര്‍ എന്നിവ നന്നാക്കുന്നവ എന്നീ സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്ക് അടുത്തുള്ള സമയത്ത് നടത്താന്‍ ക്രമീകരണം ഒരുക്കും. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയത്തിന് നിശ്ചയിച്ച അധ്യാപകര്‍, കോവിഡ് ഡ്യൂട്ടിയിലുണ്ടെങ്കില്‍ അതില്‍നിന്ന് ഒഴിവാക്കും. ഓണ്‍ലൈന്‍ അഡൈ്വസിന്റെ വേഗത വര്‍ധിപ്പിക്കാന്‍ പി.എസ്.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കും. മൂന്ന് ലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസ്സ് വരെ മാസംതോറും 2000 രൂപ വീതം നല്‍കും. അതുവരെയുള്ള വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചു. പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മരണനിരക്ക് കൂടുതലാണ്. ഇവിടെ വിദഗ്ധ സംഘത്തെ നിയോഗിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related News