ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിക്കുന്നില്ല; മോഹന്‍ലാലിനും മമ്മൂട്ടിക്കുക്കെതിരെ സോഷ്യല്‍ മീഡിയ

  • 27/05/2021



ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിക്കാത്തതിന് മോഹന്‍ലാലിനും മമ്മൂട്ടിക്കുക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. നിരവധി പേരാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. പ്രതിച്ഛായ സംരക്ഷിക്കാനായി ഇരുവരും ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലെന്നും പൃഥ്വിരാജ് 'നട്ടെല്ലുള്ള നായകനാണെ'ന്നുമാണ് ഇവര്‍ കമന്റ് ബോക്‌സുകളിലൂടെ പറയുന്നത്.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും തങ്ങള്‍ ആരാധിച്ചിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ആരാധന തോന്നുന്നത് വിഷയത്തില്‍ ശക്തമായ നിലപാടറിയിച്ച പൃഥ്വിരാജിനോടാണ് എന്നും ഇക്കൂട്ടത്തില്‍ ചിലര്‍ പറയുന്നുണ്ട്. താരങ്ങളുടെ വിവിധ പോസ്റ്റുകള്‍ക്ക് കീഴിലായാണ് ഇവര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. താരങ്ങളെ പിന്തുണച്ചുകൊണ്ട് കമന്റിടുന്നവരെയും കാണാം. 
prithviii.jpg

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഭുല്‍ ഖോഡ പട്ടേലിന്റെ നയങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടും ദ്വീപ് ജനതയുടെ അവകാശങ്ങളെയും ജീവിതരീതികളെയും പിന്തുണച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയാ പ്രൊഫൈലുകള്‍ നടനെതിരെ സൈബര്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് 'ജനം' ചാനലിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ തരംതാണ വാക്കുകള്‍കൊണ്ട് പൃഥ്വിരാജിനെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു ലേഖനവും പ്രത്യക്ഷപ്പെട്ടു. ലേഖനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉണ്ടാകുകയും തുടര്‍ന്ന് ചാനല്‍ ഈ ലേഖനം പിന്‍വലിക്കുകയും ചെയ്തിരുന്നു.

Related News