പ്രതിഷേധം ശക്തം; വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും

  • 28/05/2021



തിരുവനന്തപുരം : മീടൂ ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിന് ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം നല്‍കുന്നത് പുനപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പുരസ്‌കാരം വൈരമുത്തുവിന് നല്‍കുന്നതിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അവാര്‍ഡ് നിര്‍ണ്ണയ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത് പുനപരിശോധനയ്ക്ക് വിധേയമാക്കുന്നത്. അടുര്‍ ഗോപാലകൃഷണന്‍ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഒഎന്‍വി കള്‍ചര്‍ അക്കാദമി പുരസ്‌കാരം വൈരമുത്തുവിന് നല്‍കുന്നതില്‍ അദ്ദേഹത്തിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദ രംഗത്ത് എത്തിയിരുന്നു. പിന്നാലെ മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍, പാര്‍വതി തിരുവോത്ത്, എഴുത്തുകാരി കെ.ആര്‍. മീര, എന്‍.എസ്. മാധവന്‍ എന്നിവര്‍ സമൂഹ മാധ്യമങ്ങള്‍ വഴി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

അതിനിടെ ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരം. അദ്ദേഹത്തിന്റെ എഴുത്ത് പരിഗണിച്ചാണ് ജൂറി പുരസ്‌കാരം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ളത് ആരോപണം മാത്രമാണ്. ഇതില്‍ യാഥാര്‍ത്ഥ്യമെന്തെന്ന് പരിശോധിക്കാനും അന്വേഷണം നടത്താനുമുള്ള അധികാരം നമുക്കില്ല. സ്വഭാവഗുണത്തിന് പുരസകാരം വേറെ നല്‍കണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വകാര്യ മാധ്യമത്തിനോട് പ്രതികരിച്ചിരുന്നു. അടൂരിന്റെ ഈ നിലപാടിനെതിരെ കെ.ആര്‍. മീര അടക്കമുള്ളവര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവര്‍മ്മ, ബിനോയ് വിശ്വം, എം.കെ മുനീര്‍, സി.രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്. പുരസ്‌കാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോടും ചെയര്‍മാര്‍ അടൂരിനോടും സമൂഹ മാധ്യമങ്ങളിലും നിരവധി പേര്‍ ആവശ്യപെട്ടിരുന്നു.

Related News