ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്റെ വികാരം: മുഖ്യമന്ത്രി

  • 29/05/2021



തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്റെ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണത്. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചു. അതിനോട് അസഹിഷ്ണുത സംഘ പരിവാറിന്റെ സ്ഥിരം നിലപാട് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇതുപോലെയുള്ള എല്ലാ കാര്യങ്ങളോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാറിന്റേത്. അതിപ്പോള്‍ പൃഥ്വിരാജിനോടും കാണിക്കുന്നതാണ്. അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പില്ല. അത്തരം അസഹിഷ്ണുത കാണിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാകും നമ്മുടെ നാട് നില്‍ക്കുക. ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും സന്നദ്ധരായി മുന്നോട്ടുവരികയാണ് വേണ്ടത്' അദ്ദേഹം ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലക്ഷദ്വീപ് വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനു പിന്നാലെ നടന്‍ പൃഥ്വിരാജ് സുകുമാരന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. തന്റെ രണ്ടു സിനിമകള്‍ ഉള്‍പ്പെടെ ലക്ഷദ്വീപില്‍ ചിത്രീകരിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് പൃഥ്വിരാജ് ഒരു നീണ്ട കുറിപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്. അനാര്‍ക്കലി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങള്‍ ലക്ഷദ്വീപില്‍ ചിത്രീകരിച്ചിരുന്നു.

Related News