പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്; സംസ്ഥാനത്ത് പുതുതായി ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നത് 9950 കുട്ടികള്‍

  • 30/05/2021



ആലപ്പുഴ: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഓണ്‍ലൈനായി അധ്യയനം ആരംഭിക്കാനിരിക്കെ ജില്ലയില്‍ പുതിയ അധ്യയന വര്‍ഷം ഒന്നാം ക്ലാസ്സില്‍ പുതുതായി 9950 കുട്ടികള്‍ പ്രവേശനം നേടി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പുതുതായി ഒന്നാം ക്ലാസില്‍ ചേര്‍ന്നത് സെന്റ് ജോസഫ് എല്‍പിജിഎസ് ആലപ്പുഴയിലാണ്. 222 കുട്ടികളാണിവിടെ ചേര്‍ന്നത്. രണ്ടാം സ്ഥാനത്തുള്ളത് ഗവ.ടൗണ്‍ എല്‍പിഎസ് ചേര്‍ത്തലയാണ്. 160 കുട്ടികളാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നത്.

രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ 13,310 കുട്ടികള്‍ പുതുതായി ചേര്‍ന്നു. പ്രീപ്രൈമറി വിഭാഗത്തില്‍ 2210 കുട്ടികള്‍ പ്രവേശനം നേടി.23260 കുട്ടികള്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പുതുതായി ചേര്‍ന്നതായി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍.ഷൈല അറിയിച്ചു.

കൊവിഡ് വ്യാപന സാഹചര്യത്തില്‍ കഴിഞ്ഞ അക്കാദമിക് വര്‍ഷം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികള്‍ക്ക് ഓണ്‍ലൈനായായിരുന്നു ക്ലാസ്സുകള്‍ നല്‍കിയിരുന്നത്. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വിലയിരുത്തുകയും ചെയ്തു.

പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുകയും, അക്കാദമിക് നിലവാരം ഉയര്‍ന്നതിന്റെ ഫലമായി കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായി. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ പുതുതായി അഞ്ച്, എട്ട് ക്ലാസ്സുകളില്‍ ചേര്‍ന്നു. ജൂണ്‍ രണ്ടോടെ കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ എ.കെ. പ്രസന്നന്‍ അറിയിച്ചു.

Related News