ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന പ്രമേയം സഭ ഐക്യകണ്‌ഠേന പാസാക്കി

  • 31/05/2021




തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട പ്രമേയം നിയമസഭയില്‍ ഐക്യകണ്‌ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചു. സംഘപരിവാറിനേയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചാണ് പ്രമേയം.ജില്ലാ പഞ്ചായത്ത് അധികാരം എടുത്ത് കളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

ലക്ഷദ്വീപില്‍ കാവി അജണ്ടയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നും ദ്വീപ് വാസികളുടെ ഉപജീവന മാര്‍ഗം തകര്‍ക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടത്തുകയാണ്. കോളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണ് ദ്വീപില്‍ സംഭവിക്കുന്നത്. ലക്ഷദ്വീപിന്റെ ഭാവി ഇരുള്‍ അടഞ്ഞു പോകും വിധമുള്ള പരിഷ്‌കാരങ്ങള്‍ നടത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ മുസ്ലിം ലീഗും, കോണ്‍ഗ്രസും ഭേദഗതി ആവശ്യപ്പെട്ടു. കേന്ദ്രത്തെ പേരെടുത്ത് വിമര്‍ശിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പ്രമേയത്തോട് പൂര്‍ണമായി യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ട് വന്ന ജനസംഘ്യ നിയന്ത്രണ നിയമത്തെ അറബിക്കടലില്‍ എറിയണമെന്ന് വി ഡി സതീശന്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മുന്‍ ആരോഗ്യമന്ത്രിയും പാര്‍ട്ടി വിപ്പുമായ കെകെ ശൈലജ തുടക്കമിട്ടു. സഭാ ചരിത്രത്തിലാദ്യമായാണ് ഒരു വനിത അംഗം നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത്.

Related News